കോഴിക്കോട്: ബസിൽ സീറ്റ് മാറിയിരിക്കാൻ ആവശ്യപ്പെട്ടതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് ക്രൂരമർദ്ദനമേറ്റു. കണ്ണൂർ സ്വദേശികളായ അമൽദാസ് (24), ഉജ്ജ്വൽ (23), നിലമ്പൂർ സ്വദേശി മനേഷ് (28), ആലപ്പുഴ ഹാദി (23) എന്നിവരാണ് കണ്ടക്ടറെ ആക്രമിച്ചത്. സംഭവത്തെ തുടർന്ന് നടക്കാവ് പോലീസ് നാലുപേരെയും അറസ്റ്റ് ചെയ്തു.(KSRTC conductor brutally beaten up for asking to change seat; Four people were arrested)
ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽവെച്ചാണ് സംഭവം. കണ്ടക്ടറെ മർദിക്കുന്നതുകണ്ട് പിടിച്ചുമാറ്റാൻ വന്ന സെക്യൂരിറ്റി ജീവനക്കാരനും മർദനമേറ്റു. മധുരയിൽനിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എൽ.15.എ. 2348 ബസിന്റെ കണ്ടക്ടർ പയ്യന്നൂർ സ്വദേശി എം. സുധീഷ് (40), സെക്യൂരിറ്റി കക്കോടി സ്വദേശി കൃഷ്ണൻകുട്ടി (62) എന്നിവർക്കാണ് മർദനമേറ്റത്. ഇവർക്കൊപ്പം യാത്രക്കാരായ അശ്വിൻ, മുഹമ്മദ് അനീസ് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.