മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. യുഡിഎഫ് സർക്കാരുകളില്‍ രണ്ടുവണ വനംമന്ത്രിയായിരുന്നു. ആറുതവണ എംഎൽഎയായിരുന്നു. ഭാര്യ: ലളിത, മക്കൾ: സഞ്ജിത്ത്, രഞ്ജിത്ത്.
തൃശൂർ കേരളവർമ കോളജിലും എറണാകുളം ലോ കോളജിലുമായി പഠനം. 67ൽ യൂത്ത് കോൺഗ്രസിന്റെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായി. 70ൽ ഡിസിസി ജനറൽ സെക്രട്ടറിയായും 72ൽ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1970ൽ കുന്നംകുളത്തുനിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിക്കുന്നത്. അന്ന് പരാജയപ്പെട്ടു. 77ലും 80ലും ജയിച്ചു. 82ൽ തോറ്റു. 87ൽ കൊടകരയിലേക്കു മാറി. 2001 വരെ തുടർച്ചയായി നാലു തവണ ജയം. 91ൽ കരുണാകരൻ മന്ത്രിസഭയിലും 2004ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വനം മന്ത്രിയായി. രണ്ടു തവണയും കാലാവധി പൂർത്തിയാക്കാതെ രാജിവയ്‌ക്കേണ്ടി വന്നു.