കോതമംഗലം: കോതമംഗലത്ത് ഫുട്ബോൾ ടൂർണമെന്റിനിടെ താൽക്കാലിക ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരുക്ക്.
അടിവാട് ആണ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി കെട്ടിയ താൽക്കാലിക ഗാലറിയാണ് തകർന്നത്.
മത്സരം തുടങ്ങുന്നതിന് തൊട്ടു മുൻപ് ഗാലറി ഒരുവശത്തേയ്ക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
നാലായിരത്തിലധികം പേരാണ് ഇവിടെ മത്സരം കാണാനെത്തിയത്.
അടിവാട് മാലിക്ക് ദിനാർ സ്കൂൾ ഗ്രൗണ്ടിലാണ് സംഭവം. ഹീറോ യങ്സ് എന്ന പ്രാദേശിക ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു അപകടം.
പരുക്കേറ്റവരെ മൂവാറ്റുപുഴയിലും കോതമംഗലത്തുമായി വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മത്സരത്തിന് മുമ്പായി ഇവിടെ മഴ പെയ്തിരുന്നു. ഇതോടെ തടികൊണ്ട് നിര്‍മിച്ച താത്കാലിക ഗാലറിയുടെ കാലുകള്‍ മണ്ണിൽ പുതഞ്ഞു താഴ്ന്നുപോവുകയായിരുന്നു എന്നാണ് വിവരം.
ഇതാണ് ഗാലറി തകരാൻ കാരണമെന്നാണ് നിഗമനം. നാലായിരത്തോളം പേരാണ് മത്സരം കാണാനെത്തിയത്.പരിക്കേറ്റവരിൽ 45 പേര്‍ കോതമംഗലം ബെസലിയോസ് ആശുപത്രിയിലും രണ്ടു പേര്‍ തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിലും അഞ്ചു പേര്‍ കോതമംഗലം സെന്‍റ് ജോസഫ്സ് ആശുപത്രിയിലും ചികിത്സ തേടി.
കോതമംഗലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ടു പേരെ പിന്നീട് രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റത്. രണ്ടാഴ്ചയായി സ്ഥലത്ത് സെവൻസ് ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ട്.
അവധി ദിവസമായതിനാൽ നിരവധി ആളുകളാണ് മത്സരം കാണാനെത്തിയത്. ഗാലറി പിന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്താനായെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും ക്ലബ് അധികൃതര്‍ പറഞ്ഞു. മുൻകൂട്ടി അനുമതി വാങ്ങിയാണ് എല്ലാ കാര്യങ്ങളും ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.