ആലപ്പുഴ: പുതിയതായി സ്റ്റോപ്പ് അനുവദിച്ച സ്റ്റേഷനിൽ നിർത്താതെ പോയി കൊല്ലം – എറണാകുളം മെമു. ഇതോടെ ട്രെയിനിനെ സ്വീകരിക്കാനെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും നിരാശരായി. ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിലാണ് സംഭവം.(Kodikkunnil suresh mp and passengers are waiting for receive memu)
ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ 7.15 ഓടു കൂടി മെമുവിനെ സ്വീകരിക്കാനായി എംപി അടക്കമുള്ളവർ എത്തിയിരുന്നു. എന്നാൽ ട്രെയിൻ നിർത്താതെ പോവുകയായിരുന്നു. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യം കണക്കിലെടുത്താണ് ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചത്.
അതേസമയം, സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ അധികൃതർ രംഗത്തെത്തി. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്നാണ് റെയിൽവേ അധികൃതർ അറിയിച്ചത്.