കൊച്ചി: കളമശേരി കൂനംതൈയിലെ അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിലെ പ്രതികൾ പിടിയിലായത് കൊച്ചി സിറ്റി പോലീസിന്റെ പഴുതടച്ച അന്വേഷണത്തിൽ.
പെരുമ്പാവൂർ ചുണ്ടക്കുഴി കാരോട്ടുകുടി വീട്ടിൽ ജയ്സി എബ്രഹാം (55) ആണ് നവംബർ 17ന് കൂനംതൈ അമ്പലം റോഡിലുള്ള അപ്പാർട്ട്മെന്റിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. പ്രതികളായ തൃക്കാക്കര മൈത്രിപുരം റോഡിൽ സുരേഷ് ബാബു മകൻ ഗിരീഷ്ബാബു (42) , എറണാകുളം തൃപ്പൂണിത്തുറ ഏരൂർ കല്ലുവിള വീട്ടിൽ കദീജ(42) എന്ന പ്രബിത എന്നിവരാണ് ഇന്നലെ പോലീസിന്റെ പിടിയിലായത്.
ജെയ്സി ഒരു വർഷത്തോളമായി കളമശേരിയിലെ അപാർട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. മുഖ്യപ്രതിയായ ഗിരീഷ് ബാബുവിന്റെ കാമുകിയാണ് ഖദീജ. ഇരുവരുടെയും പൊതു സുഹൃത്തായിരുന്നു കൊല്ലപ്പെട്ട ജയ്സി. കൊല്ലപ്പെട്ട ജയ്സിയുടെ സുഹൃത്തായിരുന്ന ഗിരീഷ് ബാബു അവരുടെ വീട്ടിൽ വച്ചാണ് ഖദീജയെ പരിചയപ്പെടുന്നത്.
പരിചയത്തിൽ ആയ ഗിരീഷ് ബാബുവും ഖദീജയും ക്രമേണ പ്രണയിതാക്കളായി മാറുകയായിരുന്നു. ലോൺ ആപ്പ് വഴിയും ക്രെഡിറ്റ് കാർഡിലൂടെയും മറ്റും വലിയൊരു തുകയുടെ കടക്കാരനായിരുന്ന ഗിരീഷ് ബാബു സാമ്പത്തിക ബുദ്ധിമുട്ടിൽ ആയിരുന്നു.
റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെ സമ്പാദിച്ച വഴിയിൽ ധാരാളം പണവും സ്വർണ്ണാഭരണങ്ങളും ജയ്സിയുടെ അപാർട്ട്മെൻറിൽ ഉണ്ടാകുമെന്ന് കരുതിയ പ്രതികൾ സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതിനുവേണ്ടി രണ്ട് മാസം മുന്നേ ഇരുവരും ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി.
അത് പ്രകാരം കൊലപാതകം നടത്തുന്നതിന് മുന്നോടിയായി ഗിരീഷ് ബാബു രണ്ടുവട്ടം ട്രയൽ നടത്തി ജയ്സിയുടെ ഫ്ലാറ്റിന്റെ സമീപം വരെ വന്നുപോയിരുന്നു. MCA ബിരുദധാരിയും ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ഒന്നാം പ്രതി സിസിടിവി ഇല്ലാത്ത വഴികളിലൂടെ സഞ്ചരിച്ച് കൃത്യമായ പ്ലാനിംഗ് നടത്തിയാണ് കൃത്യം നടപ്പിലാക്കിയത്.
തുടർന്നാണ് ഫ്ലാറ്റിൽ മറ്റാരും ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാൽ കഴിഞ്ഞ പതിനേഴാം തീയതി ഞായറാഴ്ച തെരഞ്ഞെടുത്തത് . ഇതിനുവേണ്ടി ഞായറാഴ്ച രാവിലെ സഹോദരന്റെ ബൈക്കിൽ കാക്കനാട് എൻജിഒ കോട്ടേഴ്സിന് സമീപം ഉള്ള വീട്ടിൽ നിന്നും ഗിരീഷ് ബാബു പല വഴികളിലൂടെയുംചുറ്റിക്കറങ്ങി സഞ്ചരിച്ച് ഉണിച്ചിറ പൈപ്പ് ലെയിൻ റോഡിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകൾ മാറി കയറി ജയ്സിയുടെ ഫ്ലാറ്റിൽ എത്തുകയായിരുന്നു.
സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചായിരുന്നു അയാൾ മുഴുവൻ സമയവും സഞ്ചരിച്ചിരുന്നത്. തുടർന്ന് 10.20 മണിക്ക് ശേഷം അപ്പാർട്ട്മെന്റിലെത്തിയ പ്രതി കൈയിൽ കരുതിയിരുന്ന മദ്യം ജയ്സിയുമൊത്ത് കഴിക്കുകയും മദ്യലഹരിയിൽ ആയിരുന്ന ജയ്സി ബെഡിൽ കിടന്ന സമയം പ്രതി ബാഗിൽ കരുതിയിരുന്ന ഡംബൽ എടുത്ത് ജയ്‌സിയുടെ തലയ്ക്ക് പലവട്ടം അടിക്കുകയും നിലവിളിക്കാൻ ശ്രമിച്ച ജയ്സിയുടെ മുഖം തലയിണ വച്ച് അമർത്തിപ്പിടിക്കുകയും ചെയ്തു.
തുടർന്ന് മരണം ഉറപ്പാക്കിയ പ്രതി മരണം ബാത്റൂമിൽ തെന്നി വീണ് പരിക്കേറ്റാണ് എന്നു വരുത്താനായി ബോഡി വലിച്ചുനിലത്തിട്ട് ബാത്റൂമിലേക്ക് എത്തിക്കുകയും ആയിരുന്നു. അതിനു ശേഷം ശരീരത്തിലെ രക്തം കഴുകി കളഞ്ഞു. പിന്നീട് ധരിച്ചിരുന്ന ഷർട്ട് മാറി. ബാഗിൽ കരുതിയിരുന്ന മറ്റൊരു വസ്ത്രം ധരിക്കുകയായിരുന്നു.
ജയ്സിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ട് സ്വർണ്ണ വളകളും രണ്ട് മൊബൈൽ ഫോണുകളും കവർച്ച ചെയ്ത് ഫ്ലാറ്റിന്റെ വാതിൽ അവിടെയുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് പുറത്ത് നിന്ന് പൂട്ടിയശേഷം ഈ താക്കോലുമായും പ്രതി മറ്റൊരു വഴിയിലൂടെ ഒരു ഓട്ടോറിക്ഷയിൽ കയറി വീണ്ടും പൈപ്പ് ലൈൻ ജംഗ്ഷനിൽ എത്തി അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കും എടുത്ത് രക്ഷപ്പെടുകയായിരുന്നു.
ജയ്സിയെ കാണാൻ ധാരാളം ആളുകൾ അപ്പാർട്ട്മെന്റിൽ വന്ന് പോകുന്നതിനാൽ സംശയം തങ്ങളിലേക്ക് വരികയില്ലെന്ന് പ്രതികൾ ഉറപ്പിച്ചിരുന്നു. ഫോൺ കോളുകൾ വഴി പോലീസ് അന്വേഷണം നടത്തും എന്നതിനാൽ ഫോണിൽ ബന്ധപ്പെടാതെ നേരിട്ട് ഫ്ലാറ്റിൽ എത്തിയത്. കൊലപാതകത്തിനു ശേഷം ഇക്കാര്യം പ്രതി ഖദീജയെ അറിയിക്കുകയും ചെയ്തു .
തുടർന്നുള്ള ദിവസങ്ങളിൽ അപ്പാർട്ട്മെന്റിനും പരിസരത്തും വെളുപ്പിനെയും മറ്റും വന്ന് പ്രതി പോലീസിന്റെ നീക്കങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. കേസ് റിപ്പോർട്ട് ആയ ഉടൻ തന്നെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ മേൽനോട്ടത്തിൽ ഡിസിപി കെ.എസ്.സുദർശനൻെറ നിർദ്ദേശ പ്രകാരം തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബി പി എ, കളമശ്ശേരി ഇൻസ്പെക്ടർ ലത്തീഫ് എംബി എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കൃത്യം നടന്ന ഞായറാഴ്ച മുതൽ രാവും പകലും ഇല്ലാതെ നടത്തിയ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണത്തിന് ഒടുവിലാണ് ഏഴാം ദിവസം പ്രതികൾ പിടിയിലായത്.
കളമശ്ശേരി പ്രിൻസിപ്പൽ എസ് ഐ സിംഗ് സി. ആർ, എസ് ഐ സെബാസ്റ്റ്യൻ പി ചാക്കോ എസ് .ഐ അരുൺകുമാർ, എ എസ് ഐ മാരായ അനിൽകുമാർഎ.ടി. നജീബ് കെ എ സീനിയർ സിപിഒ മാരായ മുഹമ്മദ് ഇസഹാക്ക്, ബിനു വി എസ് അരുൺ എ എസ്, ഷമീർ പി എം സിപിഒമാരായ മാഹിൻ അബൂബക്കർ ഷിബു വി എ, അജേഷ് കുമാർ.എൻ.കെ, ഷാജഹാൻ രാജേഷ് കുമാർ.ടി.എസ് ഷബ്ന ബി കമൽ സൈബർ സെൽ എസ്.ഐ പ്രമോദ്, സി.പി.ഒ അരുൺ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്