പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയപ്പോൾ നായകൻ കെ എൽ രാഹുലിനെ സംബന്ധിച്ചിടത്തോളം പകരം വീട്ടൽ കൂടിയായിരുന്നു. 2022ല്‍ രാഹുലിന് കീഴില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ചപ്പോള്‍ 3-0 നാണ് ഇന്ത്യ തോറ്റത്. ആ നാണക്കേടും പേറി മത്സരത്തിനിറങ്ങിയ രാഹുലിനും കൂട്ടർക്കും 2-1ന് പരമ്പര നേടാനായി. മലയാളി താരങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്ന വിജയം കൂടിയായിരുന്നു. കാരണം സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ തകർക്കാൻ ഇന്ത്യയ്ക്ക് മുതൽക്കൂട്ടായത്.
പരമ്പര നേടിയതോടെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ഏകദിന പരമ്പര നേടിക്കൊടുക്കുന്ന രണ്ടാമത്തെ നായകനെന്ന റെക്കോഡിലേക്കാണ് രാഹുല്‍ ഉയർന്നത്. ഇതിന് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത് വിരാട് കോലിയായിരുന്നു. രോഹിത് ശര്‍മക്കും എംഎസ് ധോണിക്കും നേടാനാവാത്ത റെക്കോഡാണ് രാഹുല്‍ സ്വന്തമാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിന്റെ ഇടവേളക്ക് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര നേടുന്നത്. സീനിയര്‍ താരങ്ങളില്ലാതെയാണ് രാഹുല്‍ ഇന്ത്യയെ പരമ്പര നേട്ടത്തിലേക്കെത്തിച്ചതെന്നത് എന്നതും ശ്രദ്ധേയം.
വിക്കറ്റിന് പിന്നിലും രാഹുലിന്റെ പ്രകടനം എടുത്തു പറയണം. ഏകദിന ക്രിക്കറ്റില്‍ രാഹുല്‍ നായകനായി നേടുന്ന നാലാമത്തെ പരമ്പരയാണിത്. സിംബാബ് വെക്കെതിരേ 3-0നും ബംഗ്ലാദേശിനെതിരേ 227 റണ്‍സിനും ഓസ്‌ട്രേലിയക്കെതിരേ 2-0നും ജയം നേടിക്കൊടുക്കാന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രാഹുല്‍ നായകനായ അവസാന 12 മത്സരത്തില്‍ 11ലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഒരു മത്സരം മാത്രമാണ് ടീം തോറ്റത്. യുവതാരങ്ങളെ പിന്തുണക്കുന്ന നായകനാണ് രാഹുല്‍. അനുഭവസമ്പത്തും മികവും പരിഗണിക്കുമ്പോള്‍ ഇന്ത്യക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യനായ താരമായി കെ എല്‍ രാഹുൽ മാറി കഴിഞ്ഞു.
Read Also:നിരാശപ്പെടുത്തി സഞ്ജു, രണ്ടക്കം കാണാതെ റുതുരാജ്; പാളിൽ ഇന്ത്യയ്ക്ക് പണി പാളുമോ?