‘കിസ്സിംഗ് ഡിസീസ്’ അപകടകാരിയാകുമോ? ചുംബനത്തിലൂടെ പകരുന്ന വൈറസ് മുന്നറിയിപ്പായി പഠനം
ലോകത്തിന്റെ പല ഭാഗങ്ങളിലും സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കാൻ ചുംബനം സാധാരണമാണ്. എന്നാൽ ഈ സ്നേഹപ്രകടനം ചിലപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കാമെന്ന മുന്നറിയിപ്പാണ് പുതിയ പഠനങ്ങൾ നൽകുന്നത്.
‘ഇൻഫെക്ഷ്യസ് മോണോന്യൂക്ലിയോസിസ്’ എന്നറിയപ്പെടുന്ന ‘കിസ്സിംഗ് ഡിസീസ്’ എപ്‌സ്റ്റീൻ-ബാർ വൈറസ് (EBV) മൂലമാണ് ഉണ്ടാകുന്നത്. ചുംബനത്തിനിടെ ഉമിനീരിലൂടെ ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. പനി, തൊണ്ടവേദന, ജലദോഷം, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. വൈറസ് ശരീരത്തിലെത്തിയതിന് ശേഷം ഒരാഴ്ച മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.
യു.എസ് ആസ്ഥാനമായ മയോ ക്ലിനിക്കിന്റെ പഠനപ്രകാരം, ഈ രോഗം ബാധിച്ചവരിൽ മൾട്ടിപ്പിൾ സ്ക്ലീറോസിസ് (MS) ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയിലധികമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിനെയും നട്ടെല്ലിനെയും ബാധിക്കുന്ന ഗുരുതരമായ നാഡീ രോഗമാണ് എം.എസ്.
പഠന കണക്കുകൾ പ്രകാരം മോണോന്യൂക്ലിയോസിസ് ബാധിച്ചവരിൽ 0.17% പേർക്ക് എം.എസ് കണ്ടെത്തിയപ്പോൾ, രോഗബാധയില്ലാത്തവരിൽ ഇത് 0.07% മാത്രമാണ്.
എന്നാൽ ‘കിസ്സിംഗ് ഡിസീസ്’ മാത്രം എം.എസ് ഉണ്ടാക്കില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ജനിതക ഘടകങ്ങൾ, പരിസ്ഥിതി സാഹചര്യങ്ങൾ, പ്രതിരോധശേഷി എന്നിവയും രോഗ സാധ്യതയെ സ്വാധീനിക്കുന്നു. ഇതിനാൽ ജനിതകമായി സാധ്യതയുള്ളവരിൽ മാത്രമേ ഈ വൈറസ് എം.എസ് ഉണ്ടാക്കാനുള്ള പ്രേരകമായി പ്രവർത്തിക്കൂ.
English Summary
“Infectious mononucleosis,” also known as the “kissing disease,” is caused by the Epstein-Barr virus and spreads through saliva. While generally mild, studies suggest it may increase the risk of multiple sclerosis (MS).
Research by the Mayo Clinic found that people who had the infection were over three times more likely to develop MS. However, doctors clarify that genetic and environmental factors also play a role, and the infection alone does not directly cause MS.









