പൂയപ്പള്ളിയിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയ അബിഗേൽ സാറ എന്ന ആറ് വയസുകാരിക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ട് 17 മണിക്കൂർ പിന്നിട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിനിടെ തിരുവനന്തപുരത്ത് നിന്ന് മൂന്നുപേർ കസ്റ്റഡിയിലായിട്ടുണ്ട്. ഇവർക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. കുട്ടിക്കുവേണ്ടി സംസ്ഥാനവ്യാപകമായും കൊല്ലം ജില്ലയുടെ ഉൾപ്രദേശങ്ങളിലും തെരച്ചിൽ നടത്തി. സമീപ ജില്ലകളിലും വാഹനപരിശോധന ഉൾപ്പടെ തുടരുകയാണ്.
ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയ ശേഷമാണ് പൊലീസ് ഉടമ ഉൾപ്പടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് ശ്രീകാര്യത്ത് നിന്ന് ഒരാളെ കസ്റ്റഡിയിൽ എടുത്തിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തെ കാർ വാഷിങ് സെന്‍ററിൽ പരിശോധന നടത്തിയത്. ഇവിടെനിന്ന് അഞ്ഞൂറ് രൂപയുടെ 19 കെട്ടുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിൽ ഒമ്പതര ലക്ഷം രൂപയോളമാണ് കണ്ടെത്തിയത്. ഇവിടെനിന്ന് രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയുടെ മോചനത്തിനായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ കോൾ വന്നിരുന്നു. ഈ ഫോൺ നമ്പർ കന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ഇതിനിടയിൽ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺ കോൾ വന്നതായാണ് വിവരം. പത്ത് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നാണ് സൂചന. പാരിപ്പള്ളിയിലെ ഒരു വ്യാപാരിയുടെ ഫോണിൽ നിന്നാണ് ആദ്യ കോൾ ലഭിച്ചത്. ഒരു പുരുഷനും സ്ത്രീയും എത്തി കോൾ ചെയ്യാനായി ഫോൺ ആവശ്യപ്പെടുകയായിരുന്നുവെന്ന് വ്യാപാരി അറിയിച്ചിട്ടുണ്ട്.