സന്തോഷ് സർളിങ്
ന്യൂസ് ഡസ്ക്ക്: മലയാളി ഇല്ലാത്ത സ്ഥലമില്ല ഈ ഭൂമിയിൽ. ചന്ദ്രനിൽ വരെ ചായ കട നടത്തുന്ന മലയാളി എന്ന ക്ലീഷേ തമാശകൾ വരെ ഏറെയുണ്ട്. കുടിയേറ്റം രക്തത്തിൽ അലിഞ്ഞ് ചേർന്ന മറ്റൊരു ജനത അപൂർവ്വമായിരിക്കും. മലയാളികളെ കൂടാതെ തമിഴർ,പഞ്ചാബികൾ തുടങ്ങി നിരവധി പേർ സ്വാതന്ത്രത്തിന് മുമ്പ് തന്നെ യൂറോപ്യൻ രാജ്യങ്ങൾ ലക്ഷ്യമാക്കി കടൽ കടന്നു. അവരിൽ ഭൂരിപക്ഷവും എത്തിയത് കാനഡയിൽ. കുടിയേറ്റ നിയമങ്ങളിലെ ഇളവും,നല്ല ജോലിയും , മികച്ച ജീവിത സാഹചര്യങ്ങളും കാനഡയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഗ്ദത്ത ഭൂമിയാക്കി. ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞാൽ പിന്നെ ഇന്ത്യക്കാർ കൂട്ടമായി അധിവസിക്കുന്ന രാജ്യമായി കാനഡ വേഗത്തിൽ മാറി. ഇപ്പോഴത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവ് പിയറേ ട്രൂഡോ കാനഡയിൽ ആദ്യമായി പ്രധാനമന്ത്രിയായ 1968ലാണ് കാനഡയിലേയ്ക്കുള്ള ഇന്ത്യൻ കുടിയേറ്റം അതിശക്തമാകുന്നത്. അദേഹം രണ്ടാമതും പ്രധാനമന്ത്രിയായിരുന്ന 1980 മുതൽ 84 വരെയുള്ള കാലഘട്ടത്തിൽ പഞ്ചാബികളുടെ കാനഡയിലേയ്ക്കുള്ള ഒഴുക്ക് അത്ഭുതപൂർവ്വമായി വളർന്നു. അതിന് മറ്റൊരു കാര്യം കൂടിയുണ്ട്. എൺപതുകളിലാണ് ഖാലിസ്ഥാൻ വിഘടനവാദം പഞ്ചാബ് കേന്ദ്രീകരിച്ച് വളരുന്നത്. അക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് പഞ്ചാബിലെ സുവണർക്ഷേത്രത്തിന് നേരെ സൈനീക ആക്രമണം വരെ നടത്തേണ്ടി വന്നു. ഓപ്പറേഷൻ ബ്യൂസ്റ്റാർ എന്ന് പേരിട്ട ആ ആക്രമണം ഉണ്ടാക്കിയ രാഷ്ട്രിയ തിരിച്ചടി വിശദീകരിക്കുന്നില്ല. ഇന്ദിരാഗാന്ധിയ്ക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നുവെന്നത് ചരിത്രം. തുടർന്ന് ദില്ലിയിൽ നടന്ന പഞ്ചാബികളുടെ കൂട്ടകൊലപാതകം രാജ്യത്തിന്റെ നെഞ്ചിൽ കൊണ്ട വെടിയുണ്ടയായി. തുടർന്നങ്ങോട്ടുള്ള ദിവസങ്ങളിൽ ഇന്ത്യയിലെ ജീവിതം പഞ്ചാബികളിൽ സുരക്ഷിതത്വമില്ലായ്മ ഉണ്ടാക്കിയെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. രാഷ്ട്രിയമായി പോലും ഒറ്റപ്പെട്ടു. ജോലിയും ജീവിതവും അനിശ്ചിതത്വത്തിലായ പഞ്ചാബികളെ കാനഡ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ട്രക്ക് ഡ്രൈവർമാരിൽ കാനഡയുടെ മുഖമായി അന്നും ഇന്നും പഞ്ചാബികളാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്ഥമായി യൂറോപ്യൻ രാജ്യങ്ങൾ പ്രവാസികൾക്ക് പൗരത്വം നൽകി സ്വന്തമാക്കുന്നത് പതിവാണല്ലോ. അതിന്റെ ഗുണം ഇന്ത്യക്കാർക്ക് ലഭിച്ചു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് കാനഡ പൗരത്വം സ്വന്തമാക്കിയ പഞ്ചാബ് വംശജരുടെ എണ്ണം വർദ്ധിച്ചു. പതുക്കെ പതുക്കെ ടൊറന്റോ,കൊളംബിയ പ്രൊവിൻസ് പോലുള്ള കാനഡയിലെ വിവിധ പ്രവിശ്യകൾ പഞ്ചാബ് വംശജർ സ്വന്തമാക്കിയെന്ന് പറഞ്ഞാലും അതിശയോക്തി ഇല്ല. സാമ്പത്തികമായി നേടിയ ഉയർച്ച 80കളിലെ ഖാലിസ്ഥാൻ വാദം വീണ്ടും ഉയർത്താൻ വിഘടനവാദികൾക്ക് സഹായകരമായി. രണ്ടായിരമാണ്ടോടെ കാനഡ കേന്ദ്രീകരിച്ച് ഖാലിസ്ഥാൻ മൂമെന്റുകൾ നിയമപരമായി തന്നെ ആരംഭിക്കപ്പെട്ടു. ഇന്ത്യയിലെ പഞ്ചാബ് സംസ്ഥാനത്തെ ഭിന്നിപ്പിച്ച് ഖാലിസ്ഥാൻ എന്ന പേരിൽ പുതിയ രാജ്യം ഉണ്ടാക്കണമെന്നാണ് ആവിശ്യം. അത്തരം സ്വതന്ത്രരാജ്യവാദികൾ ഇന്ത്യയെ വിഘടിപ്പിക്കാനാണ് ആവിശ്യപ്പെടുന്നത്. അത് കൊണ്ട് തന്നെ വിഘടനവാദത്തിന്റെ പേരിൽ നഷ്ട്ടമുണ്ടാകുന്നത് ഇന്ത്യക്കാണ്. ഖാലിസ്ഥാൻ വാദം തീവ്രവാദ പ്രവർത്തനമായി പ്രഖ്യാപിച്ച ഇന്ത്യ നിയമപരമായി നടപടി എടുക്കാൻ കാനഡയോട് ആവിശ്യപ്പെട്ടു. ഭിദ്രൻവാലയുടെ നേതൃത്വത്തിൽ എൺപതുകളിലുണ്ടായ ഖാലിസ്ഥാൻ വാദത്തിന്റെ പ്രഭവകേന്ദ്രം ഇന്ത്യക്കുള്ളിൽ തന്നെയായിരുന്നല്ലോ. അത് കൊണ്ട് സൈനീക നടപടിയിലൂടെ അടിച്ചമർത്താൻ കഴിഞ്ഞു. പക്ഷെ 2023ൽ അതല്ല സ്ഥിതി. കാനഡ കേന്ദ്രീകരിച്ചാണ് ഖാലിസ്ഥാൻ വാദം. നടപടി എടുക്കേണ്ടത് കാനഡയാണ്. പക്ഷെ കാനഡയ്ക്കാകട്ടെ ഖാലിസ്ഥാൻ വാദം കൊണ്ട് നഷ്ട്ടമില്ല. കാരണം അതൊരിക്കലും കാനഡയെ വിഘടിപ്പിക്കുന്നില്ല. പകരം പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്രം മാത്രം. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നയതന്ത്രവേദികളിൽ പോലും അക്കാര്യം ചൂണ്ടികാട്ടി പൗരൻമാരുടെ അഭിപ്രായ സ്വാതന്ത്രത്തിനൊപ്പം നിൽക്കുന്നു. പക്ഷെ ഖാലിസ്ഥാൻ എന്ന പേരിൽ സ്വതന്ത്രരാജ്യം വേണമെന്നാവിശ്യപ്പെടുക മാത്രമല്ല, അതിനായി പഞ്ചാബ് ,ഹരിയാന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാഫിയ സംഘങ്ങളെ ഉണ്ടാക്കി പ്രവർത്തിക്കുകയാണ്. പഞ്ചാബിലെ യുവാക്കളെ ആയുധവും പണവും നൽകി സർക്കാരുകൾക്കെതിരെ രംഗത്ത് ഇറക്കുക, പുതിയ രാജ്യത്തെ എതിർക്കുന്നവരെ നിഷ്ക്കരുണം കൊലപ്പെടുത്തുക തുടങ്ങിയ അധോലോക പ്രവർത്തനങ്ങൾ സജീവം. ഇതെല്ലാം നിയന്ത്രിക്കുന്നവരുടെ ആസ്ഥാനം കാനഡയും. ഇതിനായി ആയുധങ്ങൾ എത്തുന്നതാകട്ടെ പാക്കിസ്ഥാനിൽ നിന്നും. ഇന്ത്യയിൽ ആഭ്യന്തരകലാപം ഉണ്ടാക്കാൻ പാക്കിസ്ഥാൻ ചാരസംഘടന ഖാലിസ്ഥാൻ വിഘടനവാദികളെ ഉപയോഗിക്കുന്ന നിരവധി തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.
നിരവധി കൊലപാതകങ്ങൾ
പഞ്ചാബിലും കാനഡയിലും ലക്ഷകണക്കിന് ആരാധകരുള്ള ഗായകനാണ് ശുഭദീപ് സിങ് സിന്ധു. സിന്ധു മൂസ എന്നറിയപ്പെടുന്ന ഇദേഹത്തിന്റെ മ്യൂസിക്ക് ആൽബം കോടികണക്കിനാണ് ലോകമെങ്ങും വിൽക്കപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം മെയ് 29 ഒരു ഞായറാഴ്ച്ച വൈകുന്നേരം സ്വന്തം കാറിൽ പോവുകയായിരുന്ന സിന്ധു മൂസയെ ഒരു സംഘം അക്രമികൾ തുരുതുരാ വെടിവച്ച് കൊലപ്പെടുത്തി. വെറും 28 വയസുകാരനായ മൂസയെ കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള അന്വേഷണം ചെന്നെത്തി നിൽക്കുന്നത് കാനഡയിൽ. കാനഡ പൗരത്വമുള്ള സത്യേന്ദർ സിങ് ബ്രാർ എന്ന പഞ്ചാബ് വംശജൻ നേതൃത്വം നൽകുന്ന ഗോൾഡി ബ്രാർ എന്ന അധോലോക സംഘം കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഉത്തർപ്രദേശിലെ ലഖ്നൗവിൽ മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷമായിരുന്നു കൊലപാതകം.ഇതിനായി പാക്കിസ്ഥാനിൽ നിന്നും ആയുധങ്ങൾ എത്തിച്ചു. വെടിവച്ചവരെ പിടികൂടി. പക്ഷെ കൊലപാതകം ആസൂത്രണം ചെയ്ത ഗോൾഡി ബ്രാർ സംഘാഗങ്ങൾ കാനഡയിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ഇന്ത്യയെ ഞെട്ടിച്ച് കൊണ്ട് നടന്ന മറ്റൊരു കൊലപാതകം കൂടി കഴിഞ്ഞ വർഷം ജൂലൈ മാസം നടന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ രാവിലെ ഓഫീസിലേയ്ക്ക് പോവുകയായിരുന്ന റിപുദാമൻ സിങ്ങ് മാലിക്ക് എന്ന പഞ്ചാബ് വംശജനായ കാനഡ പൗരൻ കൊല്ലപ്പെട്ടു. 75 വയസായിരുന്ന ആ വയോവൃദ്ധന്റെ കൊലപാതകം മോദി സർക്കാരിനെ പിടിച്ചു കുലുക്കി. അതിന് കാരണം കണ്ടെത്താൻ 80കളിലേയ്ക്ക് പോകേണ്ടി വരും. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടത്തിയ സുവർണക്ഷേത്ര ആക്രമണത്തിന് പ്രതികാരമായി ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡയിലേയ്ക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യാ വിമാനം ബോംബ് വച്ച് തകർത്തു. 1985 ജൂൺ 25ന് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ 329 യാത്രക്കാരുമായി എയർ ഇന്ത്യാ വിമാനം പൊട്ടിത്തെറിച്ചു. കാനഡയിൽ നിന്നും ലണ്ടൻ വഴി ദില്ലിയിലെത്തി അവിടെ നിന്നും മുബൈയിൽ ലാൻഡ് ചെയ്യേണ്ട എയർ ഇന്ത്യ എക്കാലത്തേയും നോവായി മാറി. അമേരിക്കയിലെ വേൾഡ് ട്രെഡ് സെന്റർ ആക്രമണത്തിന് മുമ്പ് വിമാനം ഉപയോഗിച്ചുള്ള ലോകത്തെ ഏറ്റവും വലിയ തീവ്രവാദ ആക്രമണം കൂടിയായിരുന്നു അത്. ആ അക്രമണ കേസിലെ പ്രതിയാണ് ജൂലൈയിൽ കാനഡയിലെ തെരുവിൽ വെടികൊണ്ട് കൊല്ലപ്പെട്ട റിപുദാമൻ സിങ്ങ് മാലിക്ക്. കാനഡയിൽ നടന്ന വിചാരണയിൽ വർഷങ്ങൾക്ക് ശേഷം 2005ൽ റിപുദാമൻ സിങ്ങിനെ വെറുതെ വിട്ടു. പക്ഷെ ഇന്ത്യൻ കണ്ണിൽ അദേഹം കുറ്റവാളി തന്നെയായിരുന്നു. അത് കൊണ്ട് തന്നെ റിപുദാമന് ഇന്ത്യാ യാത്രാവിലക്ക് ഏർപ്പെടുത്തി. പഞ്ചാബികൾ ഏറെ തിങ്ങി പാർക്കുന്ന കൊളംബിയ പ്രവിശ്യയിൽ ഭാര്യയും അഞ്ച് മക്കളും അവരുടെ എട്ട് പേരക്കുട്ടികളുമായി താമസിക്കുകയായിരുന്നു റിപുദാമൻ. ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു അദേഹം. പക്ഷെ കഴിഞ്ഞ കുറേ വർഷമായി അവരുമായി അത്ര നല്ല ബന്ധത്തിൽ അല്ല. എന്ന് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപിയുമായും അടുക്കാനും റിപുദാമൻ ശ്രമിക്കുകയും ചെയ്തു. 2019ൽ കേന്ദ്ര സർക്കാർ റിപുവിന്റെ യാത്രാവിലക്ക് നീക്കുകയും ചെയ്തു. ഇതിന് കുടുംബം നന്ദി പറഞ്ഞതാകട്ടെ അന്നത്തെ റോ ചീഫായിരുന്ന സാമന്ത് കുമാർ ഗോയലിന്. 2022ൽ പഞ്ചാബ് തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ റിപുദാമൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി. സിഖ് സമുദായത്തെ സഹായിച്ചയാൾ എന്ന നിലയിൽ മോദി പ്രകീർത്തിക്കുന്നതായിരുന്നു കത്ത്. നരേന്ദ്രമോദിക്കെതിരെ സിഖ് സമുദായത്തിലെ ചിലർ ഗൂഡാലോചന നടത്തുന്ന കാര്യവും റിപുദാമൻ പരാമർശിച്ചിരുന്നു. കത്ത് പുറത്തായതോടെ കാനഡയിലെ ഖാലിസ്ഥാൻ തീവ്രവാദികളുടെ കണ്ണിലെ കരടായി അദേഹം. സമുദായ വഞ്ചകനെന്ന് മുദ്ര കുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കൊലപാതകം. പാക്ക് ചാരസംഘടനകളുടെ സഹായത്തോടെ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തിയ കൊലപാതകമെന്ന് ഇന്ത്യാ അന്നേ ചൂണ്ടികാട്ടി.ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവൻ ഹർദീപ് സിങ് നിജ്ജാറിന് കൊലപാതകത്തിൽ കൈയ്യുണ്ടെന്ന് സംശയിക്കുന്നു. ഇയാൾക്കെതിരെ 700 ലേറെ കേസുകൾ ഇന്ത്യയിലുണ്ട്. ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന്റെ ഭാഗമായി വിട്ട് തരണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. പക്ഷെ കാനഡ നിരാകരിച്ചു. അങ്ങനെയിരിക്കെ ഇക്കഴിഞ്ഞ ജൂൺ 18ന് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചു. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. നിജ്ജാറിന്റെ മരണത്തിനു പിന്നാലെ ഖലിസ്ഥാൻ തീവ്രവാദികൾ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചു തീയിട്ടതും ഇതിന്റെ തുടർച്ചയായാണ്. ഇതിനിടെ കാനഡയിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ റാലി ഇന്ത്യയുടെ എതിർപ്പിന് കാരണമായി. ഖലിസ്ഥാൻ തീവ്രവാദികളുടെ റാലിയുടെ പോസ്റ്ററിൽ ‘കിൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമ, ടൊറന്റോയിലെ കോൺസുലർ ജനറൽ അപൂർവ ശ്രീവാസ്തവ എന്നിവരുടെ ചിത്രങ്ങൾ നൽകിയതിനെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. കാനഡ റാലിയെ അപലപിച്ചിരുന്നെങ്കിലും ശക്തമായ നടപടികളെടുക്കുന്നില്ലെന്ന ആക്ഷേപം ഇന്ത്യ ഉയർത്തി.
പൊട്ടിത്തെറി ഇവിടെ തുടങ്ങുന്നു.
ഹർദീപ് സിങ്ങ് നിജ്ജാറിന്റെ കൊലപാതകത്തിൽ വലിയ സംശയങ്ങളാണ് കാനഡ സർക്കാരിന് ഉള്ളത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കാനഡ പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ വെളിപ്പെടുത്തി. കാനഡ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നുള്ളതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകൾ. ഒരു കാനഡ പൗരന്റെ കൊലപാതകത്തിൽ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യൻ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.അതിന് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി കാനഡ. കാനഡ വിദേശകാര്യ മന്ത്രി മെലാനി ജോളിയെ ഉദ്ധരിച്ച് വിവിധ രാജ്യാന്തര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ കാനഡയിലെ തലവൻ പവൻ കുമാർ റായിയെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്. ഇതിന് പ്രതികാരമെന്നോളം ഇന്ത്യയിലെ കാനഡ എംമ്പസിയിലെ ഇന്റലിജൻസ് വിഭാഗം തലവനായ മുതിർന്ന നയതന്ത്ര പ്രതിനിധി ഒളിവർ സിൽവസ്റ്ററിലെ ഇന്ത്യയും പുറത്താക്കി. അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നാണ് അന്ത്യശാസനം. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തേക്കാൾ മോശമാണ് ഇപ്പോൾ കാനഡയുമായുള്ള ബന്ധം. ജി20 ഉച്ചക്കോടിയ്ക്ക് എത്തിയ ജസ്റ്റിൻ ട്രൂഡോയോട് കർശന നിലപാടാണ് ഇന്ത്യ കൈകൊണ്ടത്. ഔദ്യോഗിക യോഗങ്ങളിൽ കാനഡക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുകയും ചെയ്തു. ഇത് അപമാനമാണെന്ന തരത്തിൽ കാനഡയിലെ മാധ്യമങ്ങളും പ്രതിപക്ഷവും പ്രതികരിച്ചത് ട്രൂഡോയ്ക്ക് നാണകേടായി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്രയോഗങ്ങളോ യാത്രകളോ ഇല്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത കാലത്തൊന്നും ബന്ധം നന്നാകുന്ന ലക്ഷണമില്ല.
കാനഡയിലെ മലയാളി കുടിയേറ്റത്തെ ബാധിക്കുമോ ? യൂറോപിലേയ്ക്കുള്ള കുടിയേറ്റം അനിശ്ചിതത്വത്തിലാകുമോ ?
നിയമപരമായ കുടിയേറ്റത്തെ അനുകൂലിക്കുന്ന രാജ്യമാണ് കാനഡ. പഠനം, ജോലി തുടങ്ങിയ അന്വേഷിച്ചാണ് മലയാളികൾ കാനഡയിലേക്ക് പോകുന്നത്. ചട്ടങ്ങൾ പാലിച്ച് അവിടെ തന്നെ തുടരുന്നവർക്ക് നിശ്ചിത കാലാവധിയ്ക്ക് ശേഷം പൗരത്വത്തിന് അപേക്ഷ നൽകാം. പരിശോധനകൾക്ക് ശേഷം പൗരത്വം അനുവദിക്കും. നയതന്ത്ര ബന്ധം നല്ല രീതിയിൽ അല്ലാത്തതിനാൽ വിസ അപേക്ഷകൾ കടുത്ത നിരീക്ഷണത്തിന് വിധേയമായിരിക്കും.പരസ്പരം നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന രീതിയിലേയ്ക്ക് ഇരുരാജ്യങ്ങളും മാറുന്നത് ആദ്യമാണ്. അത് കൊണ്ട് തന്നെ എംബസികൾ വഴിയുള്ള പേപ്പർ ജോലികൾ സാങ്കേതികത്വത്തിന്റെ പേരിൽ തഴയപ്പെടുമോ എന്നും സംശയിക്കപ്പെടുന്നു. യൂറോപ്യൻ യൂണിയനിലെ പ്രധാനപ്പെട്ട രാജ്യമാണ് കാനഡ. അവരുടെ പരാമധികാരം ചോദ്യം ചെയ്യുന്ന രീതിയിൽ കാനഡയ്ക്കുള്ളിൽ ആക്രമണം നടത്തിയെങ്കിൽ ഗൗരവപൂർവ്വം അത് മറ്റ് രാജ്യങ്ങൾ നോക്കി കാണും. ഖാലിസ്ഥാൻ തീവ്രവാദത്തിന്റെ പേരിൽ പഞ്ചാബ് വംശജർ കാട്ടികൂട്ടുന്ന പ്രതിഷേധങ്ങൾ അതാത് രാജ്യത്തെ സ്വദേശികൾക്ക് അനിഷ്ട്ടമുണ്ടാക്കുന്നതായി റിപ്പോർട്ട് ഉണ്ട്. അത് കൊണ്ട് തന്നെ നയതന്ത്രതലത്തിൽ പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കേണ്ടതെന്ന് നയതന്ത്ര വിദഗ്ദർ ആവശ്യപ്പെടുന്നു.
Also Read:ദില്ലിയിൽ കുടുങ്ങി കാനഡ പ്രധാനമന്ത്രി