തിരുവനന്തപുരം: വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ നീതിതേടി പതിനാറുകാരി. പ്ലസ് വണ്‍ വിദ്യാർഥിനിക്കെതിരെയാണ് അധ്യാപകനെ ചേർത്ത് ആരോപണം ഉന്നയിച്ചത്.
അധ്യാപികയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടും നടപടിയെടുത്തിട്ടില്ല. അധ്യാപികയെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
കിളിമാനൂര്‍ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെയാണ് കിളിമാനൂര്‍ പൊലീസ് നടപടിയെടുക്കാത്തത്.
സഹഅധ്യാപകനോടുള്ള വൈരാഗ്യത്തിലാണ്, അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന വ്യാജ വാർത്ത ചന്ദ്രലേഖ പ്രചരിപ്പിച്ചത്.
ജനുവരിയിൽ വിദ്യാർഥിനി അസുഖം ബാധിച്ച് അവധിയിലായിരുന്ന കാലയവളിലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
അപമാനഭാരത്താൽ പതിനാറുകാരിയായ വിദ്യാർഥിനിക്ക് പിന്നീട് പഠനം നിർത്തേണ്ടി വന്നു. പൊലീസിലും വിദ്യാഭ്യാസ വകുപ്പിലും തുടർന്ന് മേയ് 27 ന് മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
പിടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂണ്‍ 5ന് ചന്ദ്രലേഖയെ സസ്പെൻഡ് ചെയ്തിരുന്നു.
അതേദിവസം ഇവർക്കെതിരെ കിളിമാനൂര്‍ പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ചന്ദ്രലേഖക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറായിട്ടില്ല.