തിരുവനന്തപുരം: അതിസുരക്ഷ നമ്പര്‍പ്ലേറ്റ് സംവിധാനം ഇന്ത്യയിൽ ഏകീകൃതമാക്കിയിട്ടും അനുസരിക്കാത്ത സംസ്ഥാനമാണ് കേരളം. ഇതിൻ്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് കേരളത്തിലെ വാഹന ഉടമകളാണ്.
കേരളത്തിന് പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിന്റെ പേരില്‍ കനത്ത പിഴ നല്‍കേണ്ടി വരുന്നത്.
രജിസ്ട്രേഷന്‍ വ്യവസ്ഥ ലംഘിച്ചെന്നപേരില്‍ 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കത്തിൽ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാനായില്ല. എന്നാൽ, ഇതിനു വലിയ വില കൊടുക്കേണ്ടി വരുന്നത് കേരളത്തിലെ വാഹന ഉടമകളാണ്.
കേന്ദ്ര നിയമപ്രകാരം ഇപ്പോൾ പഴയ വാഹനങ്ങള്‍ക്കും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നിര്‍ബന്ധമാണെന്നിരിക്കെ സംസ്ഥാനത്ത് പഴയവാഹനങ്ങള്‍ക്ക് അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാന്‍ ഔദ്യോഗികസംവിധാനം ഉണ്ടാക്കിയിട്ടില്ല.
ഇതേ തുടർന്ന് സംസ്ഥാനത്ത് പരിശോധനയും പിഴചുമത്തലും തുടങ്ങിയിട്ടില്ല. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ കേന്ദ്രനിയമത്തിന്റെ ചുവടുപിടിച്ച് പഴയവാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് കർശനമാക്കിയിട്ടുണ്ട്.
കേരളത്തില്‍ നിര്‍ബന്ധമല്ലെന്ന് അറിയാവുന്നതിനാല്‍ കേരള രജിസ്ട്രേഷനിൽ ഉള്ള വാഹനങ്ങള്‍ കാണുമ്പോൾ തന്നെ പിഴ ചുമത്തുകയാണ്.
സംസ്ഥാനത്ത്, 2019-നുശേഷം ഇറങ്ങുന്ന പുതിയ വാഹനങ്ങള്‍ക്ക് ഡീഡലര്‍മാരതന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നല്‍കുന്നുണ്ട്. കാറുകള്‍ക്ക് 1200 രൂപവരെ ഇതിനായി ഡീലര്‍മാര്‍ ഈടാക്കുന്നുണ്ട്.
പഴയ വാഹനങ്ങള്‍ക്കു കൂടി ഇവ ഏര്‍പ്പെടുത്താനുള്ള നീക്കമാണ് ഉദ്യോഗസ്ഥ തലത്തിൽ തര്‍ക്കത്തില്‍ കലാശിച്ചത്. പിന്നീട് ഗതാഗത കമ്മിഷണറായിരുന്ന എസ്. ശ്രീജിത്തും മന്ത്രി കെ.ബി. ഗണേഷ്‌കുമാറും തമ്മിലുണ്ടായ തര്‍ക്കം മൂര്‍ച്ഛിച്ചത് അതിസുരക്ഷാ നമ്പര്‍പ്ലേറ്റിന് ടെന്‍ഡര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. 1.80 കോടി വാഹനങ്ങളുള്ള സംസ്ഥാനത്തെ നമ്പര്‍പ്ലേറ്റ് വിപണി ലക്ഷ്യമിട്ട് പത്തിലധികം കമ്പനികള്‍ സംസ്ഥാനത്ത് രംഗത്തുണ്ട്.
ബിസിനസ് സാധ്യത തേടിയുള്ള ഇവരുടെ തര്‍ക്കത്തില്‍ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നതാണ് പദ്ധതിക്ക് വിലങ്ങുതടിയായത്. വാഹന ഉടമകൾക്ക് സ്വന്തം ചെലവിൽ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കാനാകുമെങ്കിലും അധിക തുക നല്‍കേണ്ടിവരും. നിലവിൽ തർക്കം നിലനിൽക്കുന്നതിനാൽ സർക്കാർ ഇതിന്റെ നിരക്ക് തീരുമാനിച്ചിട്ടില്ല.