ഹൈക്കോടതി വിധി: ശാന്തി നിയമനത്തിന് ദേവസ്വം ബോർഡ് നിഷ്കർഷിച്ച സർട്ടിഫിക്കറ്റ് യോഗ്യത സാധുവെന്ന് കോടതി
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ പാർട്ട്–ടൈം ശാന്തി നിയമനത്തിന് ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും (കെഡിആർബി) അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങളിലെ സർട്ടിഫിക്കറ്റ് യോഗ്യതയായി നിഷ്കർഷിച്ച നടപടി ഹൈക്കോടതി ശരിവച്ചു.
അഖില കേരള തന്ത്രി സമാജം നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പാരമ്പര്യ തന്ത്രിമാരുടെ വാദം തള്ളി
പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയേ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂ എന്ന വാദം കോടതി തള്ളിക്കളഞ്ഞു.
2023-ൽ പാർട്ട് ടൈം തന്ത്രിമാരുടെ നിയമനത്തിനായി ടിഡിബി പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ യോഗ്യതയാണ് ചോദ്യം ചെയ്തത് പത്താംക്ലാസ് യോഗ്യതയും ടിഡിബിയും കെഡിആർബിയും അംഗീകരിച്ച തന്ത്ര വിദ്യാലയ സർട്ടിഫിക്കറ്റുമായിരുന്നു മാനദണ്ഡം.
ഹർജിക്കാരുടെ വാദങ്ങൾക്കും മറുപടി
ഹർജിക്കാർ പാരമ്പര്യ തന്ത്രിമാരിൽ നിന്ന് നേരിട്ട് പൂജ പഠിച്ചവർക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയെങ്കിലും, ബോർഡ് അത് പരിഹരിച്ചതായി കോടതി രേഖപ്പെടുത്തി.
ശാന്തി തസ്തികയ്ക്ക് തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റിന് മതിയായ വിലകൽപ്പിക്കുന്നില്ലെന്ന ആക്ഷേപവും കോടതി നിരസിച്ചു.
നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചതായി കോടതി
ട്രാവൻകൂർ–കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരമുള്ള അധികാരമുപയോഗിച്ചാണ് ടിഡിബി ചട്ടങ്ങൾ കൊണ്ടുവന്നതെന്നും, സർക്കാർ അത് അംഗീകരിച്ചതായും കോടതി ചൂണ്ടിക്കാട്ടി.
ചട്ടങ്ങളുടെ കരട് പ്രസിദ്ധീകരിക്കൽ, ഗസറ്റ് വിജ്ഞാപനം തുടങ്ങിയ എല്ലാ നിയമപരമായ നടപടികളും പാലിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
പെരുമ്പാവൂരിൽ വ്യവസായ ദുരന്തം; ചാര ടണലിൽ കുടുങ്ങി ബിഹാർ സ്വദേശിക്ക് ദാരുണാന്ത്യം
തന്ത്ര വിദ്യാലയങ്ങളിലെ പഠന നിലവാരം
കെഡിആർബി തയാറാക്കിയ പാഠ്യപദ്ധതിയിൽ വേദഗ്രന്ഥങ്ങൾ, ആചാരങ്ങൾ, ആരാധനരീതികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, പാഠം പഠിപ്പിക്കുന്നത് യോഗ്യരായ പണ്ഡിതരും തന്ത്രിമാരുമാണെന്നും കോടതി രേഖപ്പെടുത്തി.
കോഴ്സ് കാലാവധി ഒന്നുമുതൽ അഞ്ചുവർഷം വരെയാണ്. വിജയകരമായി പഠനം പൂർത്തിയാക്കിയവരെ കർശനമായ മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതാണെന്നും കോടതി വ്യക്തമാക്കി.
തന്ത്രവിദ്യാഭ്യാസത്തിന്റെ നിലവാരവും നിയമനത്തിലെ സുതാര്യതയും ഉറപ്പാക്കാനുള്ള ദേവസ്വം ബോർഡിന്റെയും കെഡിആർബിയുടെയും നീക്കങ്ങൾ ഭരണഘടനാപരമായ നിയമവ്യവസ്ഥകൾക്കനുസൃതമാണെന്നതാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
പാരമ്പര്യത്തിന്റെ പേരിൽ സാമൂഹിക സമത്വത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ലംഘിക്കുന്ന ആചാരങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കിക്കൊണ്ട് ഈ വിധി സാമൂഹ്യ പുരോഗതിയുടെയും ആധുനിക ഭരണഘടനാ മൂല്യങ്ങളുടെയും വിജയമായി വിലയിരുത്തപ്പെടുന്നു.









