മോട്ടോർ വാഹനച്ചട്ടം പ്രകാരം മദ്യപിച്ച് വാഹനമോടിച്ചെന്ന കേസ് തെളിയിക്കാൻ രക്തപരിശോധന വേണം. ബ്രത്തലൈസർ ഉപയോഗിച്ച് കണ്ടെത്തി എന്നാണ് പോലീസിൻ്റെ വാദമെങ്കിൽ അതിൽ നിന്നുള്ള ഒറിജിനൽ പ്രിൻ്റൌട്ട് കോടതിയിൽ ഹാജരാക്കണം.
അതിന് പകരം പരിശോധനാ ഫലത്തിൻ്റെ ടൈപ്പുചെയ്ത കോപ്പിയാണ് സാധാരണ തെളിവായി പോലീസ് ഹാജരാക്കാറുള്ളത്. എന്നാൽ ഇപ്പോൾ ഇത്തരമൊരു കേസ് തള്ളിയിരിക്കുകയാണ്. കണ്ണൂർ പഴയങ്ങാടി പോലീസ് റജിസ്റ്റർ ചെയ്ത കേസ് ജസ്റ്റിസ് വി ജി അരുൺ ആണ് റദ്ദാക്കിയത്.
2019 ജനുവരി 21നാണ് കണ്ണൂർ ചെങ്കൽ സ്വദേശി എം ധനേഷ് എന്ന 42കാരനെ പ്രതിയാക്കി മദ്യപിച്ച് ബൈക്കോടിച്ചതിന് പോലീസ് കേസെടുക്കുകയായിരുന്നു. എന്നാൽ അന്ന് രക്തപരിശോധന നടത്തിയില്ല.
പകരം ബ്രത്തലൈസർ ഉപയോഗിച്ച് ശ്വാസപരിശോധന മാത്രമാണ് പോലീസുകാർ നടത്തിയത്. ഇതിൻ്റെ ഫലം ഉൾപ്പെടുത്തിയാണ് പഴയങ്ങാടി പോലീസ് പയ്യന്നൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഇതിനെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയിൽ ഹർജിയുമായി എത്തിയത്.
രക്തപരിശോധന നടത്തിയിട്ടില്ലെന്ന് പോലീസ് കോടതിയിൽ സമ്മതിക്കുകയായിരുന്നു. ആകെയുള്ളത് ശ്വാസപരിശോധനയുടെ ഫലമാണ്. അതാകട്ടെ ടൈപ്പുചെയ്ത് തയ്യാറാക്കിയ ഒരു റിപ്പോർട്ടും. മെഷീനിൽ നിന്നുള്ള ഒറിജിനൽ പ്രിൻ്റ് ഇല്ല എന്നും പോലീസ് കോടതിയിൽ പറഞ്ഞു.
മോട്ടോർ വാഹനച്ചട്ടവും 2009ലെ സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലറും പരിഗണിച്ചാൽ ഈ കേസ് നിലനിൽക്കില്ലെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു. ഒറിജിനൽ പ്രിൻ്റ് ഇല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറും സമ്മതിച്ചതോടെ ഹർജി അനുവദിച്ച് കേസ് റദ്ദാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
മദ്യപിച്ച് വാഹനമോടിച്ചതായി കണ്ടെത്തുന്ന കേസുകളിൽ ഐപിസി 279 പ്രകാരവും മോട്ടോർ വാഹനച്ചട്ടം 185 പ്രകാരവും അശ്രദ്ധമായി വാഹനം ഓടിച്ചുവെന്ന് കാണിച്ചാണ് കേസ് എടുത്താരുന്നത്. ഈ കേസ് ആണ് റദ്ദാക്കിയത്.
പ്രതിഭാഗത്തുള്ളവർ കോടതികളിൽ ചോദ്യംചെയ്യുമ്പോ കേസുകളിൽൾ പലവിധ പഴുതുകളുണ്ടായി കേസ് തള്ളിപ്പോയിട്ടുണ്ട്. എന്നാൽ മെഷീനിൽ നിന്നുള്ള ഒറിജിനൽ രസീത് ഇല്ലാതെ കുറ്റപത്രം പോലീസ് കോടതിയിൽ കൊടുത്തത് ഉദ്യോഗസ്ഥരുടെ വല്ലാത്ത പിഴവായി തന്നെയാകും വിലയിരുത്തപ്പെടുക.