വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ കേസ്
വീട്ടമ്മ നൽകിയ ലൈംഗിക പീഡന പരാതിയിൽ കാസർകോട് സിപിഎം നേതാവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സിപിഎം മുൻ കുമ്പള ഏരിയാ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ സുധാകരൻ മാസ്റ്റർക്കെതിരെയാണ് നടപടി.
നിരന്തര ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും വർഷങ്ങളോളം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് വീട്ടമ്മയുടെ ആരോപണം.
മനോരമ ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഡിജിപിയുടെ നിർദേശപ്രകാരം കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ തുടർന്ന് സുധാകരനെ സിപിഎം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
1995 മുതൽ തന്നെ സുധാകരൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം, വിവാഹം നടക്കാതായപ്പോൾ ഭീഷണിയും പീഡനവും കടുത്തതായും യുവതി പറയുന്നു.
പിന്നീട് മറ്റൊരാളുമായി വിവാഹം കഴിഞ്ഞ ശേഷവും തന്നെ വിട്ടുനിൽക്കാൻ അനുവദിക്കാതെ ഭർത്താവിനെയും കുട്ടികളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
2009ൽ കോൺഗ്രസ് പ്രവർത്തകൻ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സുധാകരൻ മാസ്റ്റർ, പിന്നീട് ദൃക്‌സാക്ഷികളുടെ അഭാവം ചൂണ്ടിക്കാട്ടി ഹൈക്കോടതി വിട്ടയച്ചിരുന്നു.
ഈ കേസിൽ ഇയാൾ ജയിലിലായിരുന്ന കാലത്താണ് താൻ സമാധാനത്തോടെ ജീവിച്ചതെന്നും യുവതി വ്യക്തമാക്കി.
പുറത്തിറങ്ങുന്നതിന് മുൻപും ശേഷം വീണ്ടും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും, പല ഇടങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയതായും പരാതിയിൽ പറയുന്നു.
താൻ നൽകിയ പരാതികൾക്ക് പിന്തുണയുള്ള തെളിവുകൾ ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും, അടുത്തിടെ വഴിയിൽ തടഞ്ഞ് വീണ്ടും കൊലഭീഷണി മുഴക്കിയതോടെയാണ് ജീവൻ അപകടത്തിലാണെന്ന് ബോധ്യപ്പെട്ടതെന്നും യുവതി പറഞ്ഞു.
ഇതോടെയാണ് നിയമനടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.
English Summary
A sexual assault case has been registered against senior CPM leader and Enmakaje Panchayat member Sudhakaran Master in Kasaragod following allegations by a homemaker.
kasaragod-cpm-leader-sexual-assault-complaint
CPM, Kasaragod, Sexual Assault, Sudhakaran Master, Kerala Crime News, Women Safety, Political News









