കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ സിപിഎം ജില്ലാ സെക്രട്ടറി എംഎം വർഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ പത്ത് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. തൃശൂരിലെ സിപിഎമ്മിന്റെ അക്കൗണ്ട് വിവരങ്ങൾ, ആസ്തിവകകൾ ആദായ നികുതി റിട്ടേൺ എന്നിവയെല്ലാം ഇന്ന്ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രഹസ്യ ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വർഗീസിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. ഈ മാസം ഇത് രണ്ടാം തവണയാണ് വർഗീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാർ ബിജുവിന് അഞ്ച് ലക്ഷം രൂപ നൽകിയതായി സിപിഎം കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി ചോദ്യം ചെയ്യാൻ ആരംഭിച്ചത്.