തോക്കുചൂണ്ടി തട്ടിയെടുത്ത ലോട്ടറി കണ്ടെത്താനായില്ല… ഒരു കോടി രൂപ സമ്മാനം ലഭിച്ച ടിക്കറ്റ് ഹാജരാക്കേണ്ട അവസാനദിനം ഇന്നായിരുന്നു…
കണ്ണൂർ: തോക്കുചൂണ്ടി സംഘം തട്ടിയെടുത്തെന്ന് പരാതിയുള്ള ഒരു കോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ഇതുവരെ കണ്ടെത്താനായില്ല.
ടിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ, ടിക്കറ്റുമായി ആരും എത്തിയിട്ടില്ലെന്ന് കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസ് അറിയിച്ചു.
പേരാവൂർ സ്വദേശി സാദിഖ് അക്കരമ്മലിന് കഴിഞ്ഞ ഡിസംബർ 30-ന് ‘സ്ത്രീ ശക്തി’ ലോട്ടറിയിലാണ് ഒരു കോടി രൂപ സമ്മാനം ലഭിച്ചത്.
എന്നാൽ, കാറിലെത്തിയ സംഘം തോക്കുചൂണ്ടി ടിക്കറ്റ് തട്ടിയെടുത്തുവെന്നായിരുന്നു സാദിഖിന്റെ പരാതി.
അതേസമയം, ലോട്ടറി ടിക്കറ്റ് അനധികൃതമായി മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടിക്കറ്റ് കൈമാറിപ്പോയതെന്ന നിലപാടിലാണ് പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റ് ചിലരെ കസ്റ്റഡിയിൽ എടുത്തെങ്കിലും, പരാതിക്കാരൻ പ്രതികളെ തിരിച്ചറിയാൻ കഴിയാതെ വന്നതിനെ തുടർന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.
പിന്നാലെ, പരാതി പിൻവലിക്കാൻ സാദിഖ് കോടതിയെ സമീപിക്കുകയും ചെയ്തു. ടിക്കറ്റ് തട്ടിക്കൊണ്ടുപോയതല്ല, കൈമോശം വന്നതാണെന്ന് കോടതിയിൽ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
പ്രതികളെന്ന് ആരോപിച്ച് പോലീസ് പിടികൂടിയവരെ സാദിഖ് തിരിച്ചറിയാൻ കഴിയാത്തതോടെ അന്വേഷണം വഴിമുട്ടുന്ന സാഹചര്യമാണെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
കേസെടുത്തതിനു പിന്നാലെ പോലീസ് ലോട്ടറി വകുപ്പിനെ വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചവരെ ടിക്കറ്റുമായി ആരും എത്തിയിട്ടില്ലെന്ന് ജില്ലാ ലോട്ടറി ഓഫീസ് അറിയിച്ചു.
കേസിൽപ്പെട്ട ടിക്കറ്റായതിനാൽ, ടിക്കറ്റ് പിന്നീട് ലഭിച്ചാലും കോടതി ഉത്തരവുണ്ടെങ്കിൽ മാത്രമേ സമ്മാനം മാറാൻ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.
സാധാരണ സാഹചര്യത്തിൽ ലോട്ടറി ടിക്കറ്റ് സമർപ്പിക്കാൻ വൈകിയാൽ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടി 90 ദിവസം വരെ സമയം അനുവദിക്കാൻ ജില്ലാ ലോട്ടറി ഓഫീസർക്ക് അധികാരമുണ്ട്.
ടിക്കറ്റ് നഷ്ടപ്പെടുക, വിദേശയാത്ര, ആശുപത്രിവാസം തുടങ്ങിയ സാഹചര്യങ്ങളിലാണ് സാധാരണ ഇളവ് അനുവദിക്കുന്നത്.
എന്നാൽ പേരാവൂർ സംഭവത്തിൽ കോടതി ഇടപെടലോടുകൂടി മാത്രമേ തുടർ നടപടികൾ സാധ്യമാകൂ എന്നാണ് ലോട്ടറി ഓഫീസ് നിലപാട്.
ENGLISH SUMMARY
A lottery ticket worth ₹1 crore, allegedly snatched at gunpoint from Peravoor native Sadiq Akrammal, has not been produced yet, with the last date for submission ending today.
kannur-one-crore-lottery-ticket-missing-peravoor-sadiq-last-date-ends
Kannur, Peravoor, Lottery, Sthree Shakthi lottery, One crore prize, Missing lottery ticket, Police investigation, Court, Kerala lottery, Crime news









