പാലക്കാട്: പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് ആണ് അപകടം നടന്നത്. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്.(Kalladikode lorry accident; four students died)
കോഴിക്കോട്- പാലക്കാട് ദേശീയപാതയില്‍ വൈകീട്ട് നാലുമണിക്കാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്.
സ്‌കൂള്‍ വിട്ട് റോഡിന് വശത്തുകൂടി പോകുകയായിരുന്ന കുട്ടികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഇസാഫ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം തച്ചമ്പാറ ഇസാഫ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലുമാണുള്ളത്.
ക്രെയിന്‍ ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ലോറി ഉയര്‍ത്തിയത്. ലോറി ഡ്രൈവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.