ആലപ്പുഴ: കളർകോട് നടന്ന കാറപകടത്തിൽ പരിക്കേറ്റ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.(Kalarcode car accident; one more student died)
അപകടത്തെ തുടർന്ന് ആൽവിനെ കുടുംബത്തിന്റെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ എണ്ണം ആറായി.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അതിദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളായ 11 പേര് സഞ്ചരിച്ച കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.