കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാടിലെ കള്ളപ്പണ കേസില്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി. ഹര്‍ജി നാളെ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്ന ഘട്ടത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഭിഭാഷകന്‍ തടസ്സവാദം ഉയര്‍ത്തി. ഹര്‍ജി പരിഗണിക്കാന്‍ ഈ കോടതിക്ക് കഴിയില്ല എന്നായിരുന്നു ഇഡിയുടെ വാദം. നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതിയാണ് ഈ അപേക്ഷയും പരിഗണിക്കേണ്ടത് എന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറുകയായിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് നാളെ പരിഗണിക്കും.
ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന എം ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ചികിത്സയുടെ ആവശ്യത്തിനായി രണ്ടുമാസത്തേക്ക് ജാമ്യം വേണമെന്നായിരുന്നു ആവശ്യം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആവശ്യമെങ്കില്‍ ഇടക്കാല ജാമ്യത്തിന് കീഴ്‌ക്കോടതിയെ സമീപിക്കാമെന്ന സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇടക്കാല ജാമ്യമെന്ന ശിവശങ്കറിന്റെ ആവശ്യം പരിഗണിക്കരുതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെടുന്നത്.