തിരുവനന്തപുരം : കഴിഞ്ഞ ദിവസം അതിവിചിത്രമായൊരു ഉത്തരവ് തദേശ വകുപ്പ് ജോയിന്റെ ഡയറക്ടർ ഒപ്പിട്ട് പുറത്തിറങ്ങി. സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം വർദ്ധിക്കുന്നു.ഇത് കേരളത്തിന്റെ സ്വാഭാവികമായ അന്തരീക്ഷത്തിൽ മാറ്റം വരുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ജോയിന്റ് ഡയറക്ടറുടെ ആവിശ്യം. ഡയറക്ടറേറ്റിൽ നിന്നും ജില്ലാ ജോയിന്റ് ഡയറക്ടർമാർക്ക് ഉത്തരവ് കൈമാറി. അവിടെ നിന്നും താഴേ തട്ടിലെ ഉദ്യോഗസ്ഥർക്കും ഉത്തരവ് എത്തി. ഫീൽഡിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് ഉത്തരവിലെ അപാകത ആദ്യം തിരിച്ചറിഞ്ഞത്. സംഭവം വലിയ വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു. പക്ഷെ സർക്കാരിന് വലിയ കോട്ടം ഉണ്ടാക്കിയ ഉത്തരവ് എങ്ങനെ സംഭവിച്ചു എന്നറിയാൻ തദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ അന്വേഷണം ആരംഭിച്ചു. ഉത്തരവിറക്കിയ ജോയിന്റ് ഡയറക്ടറോട് വിശദീകരണം ആവിശ്യപ്പെട്ടിട്ടുണ്ട്.
ബാഗ്ലൂർ സ്വദേശിയായ ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറത്തിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു സ്വദേശി ആദ്യം സർക്കാരിനാണ് പരാതി നൽകിയത്. ക്രിസ്ത്യൻ പള്ളികളുടെ എണ്ണം കൂടുന്നത് സംസ്ഥാനത്തിന്റെ സ്വഭാവിക അന്തരീക്ഷത്തിൽ വരുത്തുന്ന മാറ്റം അന്വേഷിക്കണമെന്നായിരുന്നു ആവിശ്യം.ഈ പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ലഭിച്ച കത്ത് തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടറുടെ ഓഫീസിന് കൈമാറി. ഈ മാസം മൂന്നിനായിരുന്നു പരാതി കൈമാറിയത്. ഡയറക്ടറേറ്റിൽ നിന്നും അന്വേഷണം നടത്താനായി ഉത്തരവും പുറത്തിറങ്ങി. അതേ സമയം ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഡയറക്ടറുടെ വിശദീകരണം.