കോട്ടയം: ജസ്ന തിരോധാനക്കേസില്‍ മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധന വിധേയയാക്കാനൊരുങ്ങി സിബിഐ. ജീവനക്കാരിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് നുണ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം മുന്‍ ലോഡ്ജ് ജീവനക്കാരിയെ കൂടാതെ ലോഡ്ജ് ഉടമയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.(Jasna missing Case; The former lodge employee will be subjected to a lie detector test)
2018ല്‍ പെണ്‍കുട്ടിയെ കാണാതാകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് മുണ്ടക്കയത്തെ ലോഡ്ജില്‍ ജസ്‌നയെ കണ്ടെന്ന് മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സിബിഐ സംഘം ഇവരുടെ മൊഴിയെടുത്തത്. രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സിബിഐയോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തല്‍ നടത്താന്‍ വൈകിയതില്‍ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പ്രതികരിച്ചിരുന്നു.
എന്നാല്‍ മൊഴിയില്‍ അസ്വഭാവികത കണ്ടെത്തിയാല്‍ ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് സിബിഐ വിധേയനാക്കും. ജസ്‌നയെ കണ്ട കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ വാദം.