കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ ഗുരുതരമായ ജാതി അധിക്ഷേപം ഉണ്ടായെന്ന് പരാതി. സംഭവത്തെ തുടർന്ന് ജില്ലാ ജയിലിലെ ഫാർമസിസ്ററ് നൽകിയ പരാതിയെ അടിസ്ഥാനമാക്കി ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഫാർമസിസ്റ്റായ വി.സി ദീപ നൽകിയ പരാതിയിന്മേൽ ഡോക്ടർ ബെൽനാ മാർഗ്രറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പുലയർക്ക് പാടത്ത് പണിക്ക് പോയാൽ പോരെ എന്നു പറഞ്ഞ് തന്നെ ആക്ഷേപിച്ചുവെന്നാണ് ഫാർമസിസ്റ്റായ യുവതി നൽകിയ പരാതിയിൽ പറയുന്നത്.
മാത്രമല്ല, വണ്ടിയിടിച്ച് തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും, പ്രതി ഉപയോഗിച്ച ശുചിമുറി കഴുകിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
യുവതി നൽകിയ പരാതിയിൽ കേസെടുത്ത കൊച്ചി സിറ്റി പോലീസ്, ഡോക്ടർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസിൽ മാത്രമല്ല മുഖ്യമന്ത്രിക്കും ദീപ പരാതി നൽകിയിട്ടുണ്ട്.
കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങി; പിന്നാലെ മാരക മയക്കുമരുന്നുമായി പിടിയിൽ
മലപ്പുറം: കഞ്ചാവ് കേസിൽ തമിഴ്നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ യുവാവ് മാരക മയക്കുമരുന്നുകളുമായി വീണ്ടും പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വെച്ച് ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പോലീസ് പിടിയിലായത്. നാല് ഗ്രാം എംഡിഎംഎയും, ബ്രൗൺ ഷുഗറും യുവാവിൽ നിന്നും പോലീസ് സംഘം പിടിച്ചെടുത്തു.
തമിഴ്നാട് കൊയമ്പത്തൂരിൽ ബേക്കറി നടത്തുന്നതിൻ്റെ മറവിൽ കേരളത്തിലേക്ക് ലഹരി കടത്തുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിലെത്തിച്ച മയക്കുമരുന്ന് കാറിൽ കൊണ്ടുനടന്ന് വിൽക്കുന്നതിനിടയിലാണ് പിടി വീണത്. ഇയാൾ ഓടിച്ചിരുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.









