”നീനുവിന് ഇപ്പോള്‍ കല്യാണത്തിന്റെ സമയമാണെന്നാണ് ജോത്സ്യന്‍ പറയുന്നത്. കെട്ടിക്കാനുള്ള കാശും സ്വര്‍ണവും മറ്റും നേരത്തെ തന്നെ കരുതി വച്ചിട്ടുണ്ട്. ഇനി ചെക്കന്‍ വന്നാല്‍ മാത്രം മതി.
നമ്മുടെ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട്. അയാളുടെ ൈകയില്‍ നല്ല ഒരു പയ്യനുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പോരാത്തതിന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍… ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ ഭാവി മരുമകന്‍ എഞ്ചിനീയറാണെന്ന് പറയുന്നതിന്റെ ഗമ ഒന്നുവേറെ തന്നെയാണ്.”
നീനുവിന്റെ അമ്മ മാത്രമല്ല, ഇന്ന് നമ്മുടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല വീടുകളിലെയും പെണ്‍കുട്ടികളുള്ള അമ്മമാരുടെ കാഴ്ചപ്പാടാണിത്…
സ്വന്തം ഗമയ്ക്കും പത്രാസിനും വേണ്ടി പെണ്‍മക്കളെ കുരുതി കൊടുക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ…
പെണ്‍മക്കള്‍ ഒരിക്കലും ഒരു ബാധ്യതയായി കാണരുത്. കുടുംബത്തില്‍ പെണ്ണുണ്ടായാല്‍ എത്രയും വേഗം കെട്ടിച്ചുവിട്ട് ഭാരം ഒഴിവാക്കണമെന്നുള്ള ചിന്ത ഇനിയെങ്കിലും കളയണം. എടുത്താല്‍ പൊങ്ങാത്ത സ്ത്രീധനവും കൊടുത്ത് പെണ്‍മക്കളെ കെട്ടിച്ചുവിടുമ്പോള്‍ പിന്നീടുള്ള അവരുടെ ജീവിതം എങ്ങനെയാണെന്ന് നിങ്ങള്‍ അന്വേഷിക്കാറുണ്ടോ?
ഭര്‍ത്താവില്‍ നിന്നും കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ വിസ്മയ എന്ന പെണ്‍കുട്ടി പല തവണ അവള്‍ നേരിട്ട വിഷമങ്ങള്‍ പറഞ്ഞിട്ടും സ്വന്തം അച്ഛന്‍ തന്നെ അവളോട് പറഞ്ഞു: ‘ജീവിതമാകുമ്പോള്‍ അങ്ങനെയൊക്കെയാണ്…സാരമില്ല’ എന്ന്്. പിന്നെയെന്തിന് മകളുടെ മരണം കേട്ടപ്പോള്‍ ആ കുടുംബം ഒന്നാകെ അലറിവളിച്ചു? മകളുടെ ഭര്‍ത്താവിന് ശിക്ഷ കിട്ടണമെന്ന് ശഠിച്ചു? സാരമില്ല, ഇതൊക്കെ ജീവിതത്തില്‍ സര്‍വ്വസാധാരണമാണെന്ന് കരുതിക്കൂടായിരുന്നോ?
ആണ്‍കുട്ടിക്ക് എത്ര വയസുവരെയും വീട്ടില്‍ നില്‍ക്കാം? എന്തുകൊണ്ട് പെണ്ണിന് മാത്രം സമൂഹം ഒരു വേലി തീര്‍ക്കുന്നു? 19 വയസുകഴിയുമ്പോഴേ പെണ്‍മക്കള്‍ക്ക് വരനെ അന്വേഷിക്കുന്ന ചിന്താഗതി ഇന്നും മാറ്റമില്ലാതെ തുടരുന്നു.
വിവാഹം എന്നത് വാശി പിടിച്ചോ ഭീഷണിപ്പെടുത്തിയോ ചെയ്യിപ്പിക്കേണ്ട ഒന്നല്ല.
മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരു പെണ്‍കുട്ടിക്ക് ആദ്യം നല്‍കേണ്ടത് അടിസ്ഥാന വിദ്യാഭ്യാസമാണ്. സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രചോദനമാണ് ഓരോ പെണ്ണിനും നല്‍കേണ്ടത്. ജീവിതാവസാനം വരെ കഴുത്തില്‍ താലി കെട്ടിയവന്‍ നോക്കുമെന്ന് ഒരിക്കലും കരുതരുത്. സ്വന്തം ആവശ്യങ്ങള്‍ക്കെങ്കിലും മറ്റാരുടെയും മുന്നില്‍ കൈ നീട്ടാന്‍ പെണ്‍കുട്ടികള്‍ക്ക് അവസരം ഒരുക്കരുത്.
മകളുടെ കല്യാണം നടന്നില്ലെങ്കില്‍ നാട്ടുകാരും വീട്ടുകാരും എന്ത് പറയുമെന്ന് വിചാരിക്കുന്നവരുണ്ട്.. അവരെ കരുതി പെണ്‍മക്കളുടെ ഭാവി നശിപ്പിക്കരുത്.
ആലോചിച്ച് ഉറപ്പിച്ച് നടത്തിയ എത്രയോ വിവാഹബന്ധങ്ങള്‍ ചില്ലുപാത്രങ്ങള്‍ പോലെ ഉടഞ്ഞുപോകുന്നു പിന്നെയും കുറേ ജീവിതങ്ങള്‍ പ്രയാസങ്ങള്‍ എല്ലാം ഉള്ളിെലാതുക്കി നാലുചുവരുകള്‍ക്കുള്ളില്‍ കഴിയുന്നു.
നന്നായി പഠിച്ച് ജോലി ചെയ്ത് അടിച്ചുപൊളിച്ച് നടക്കേണ്ട പ്രായത്തില്‍ അവരെ പിടിച്ച് പ്രാരാബ്ധത്തിന്റെ കയ്പ്പുനീര്‍ കുടിപ്പിക്കുന്ന പതിവ് ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ…
വിവാഹത്തിന് എപ്പോള്‍ ഇഷ്ടമാണെന്ന് അവര്‍ പറയുന്നോ അപ്പോള്‍ മാത്രം അതിനെ കുറിച്ച് ചിന്തിച്ചാല്‍ പോരേ.. എന്തിനാണ് ഇത്രയും ധൃതി കാട്ടി സ്വന്തം മക്കളുടെ സ്വപ്നങ്ങള്‍ നശിപ്പിക്കുന്നത്. അവര്‍ നിങ്ങളുടെ മക്കളാണ്. ചെറുപ്പം മുതല്‍ ചൊല്ലിക്കൊടുത്ത പാഠങ്ങള്‍ ഏറ്റുചൊല്ലിയവര്‍.. അവരൊരിക്കലും വഴിതെറ്റി പോവില്ല… പെണ്‍മക്കുടെ സമയം പറയേണ്ടത് എവിടെയോ ഇരിക്കുന്ന ജോത്സ്യന്മാരല്ല, പത്തുമാസം നൊന്ത് പ്രസവിച്ച നിങ്ങള്‍ അമ്മമാരാണ്. നെഞ്ചിലെ ചൂട്് തട്ടി പോറ്റിയ അച്ഛന്മാരാണ്.
ഓരോ പെണ്‍കുട്ടിയുടെ ഉള്ളിലും ആരോടും പറയാത്ത കുറേ ആഗ്രഹങ്ങളുണ്ട്. സ്വപ്‌നങ്ങളുണ്ട്. അത് കൈയെത്തിപിടിക്കാന്‍ അവരെ അനുവദിച്ചാല്‍ അതാകും നിങ്ങളോരോരുത്തരും അവര്‍ക്ക് കൊടുക്കുന്ന ഏറ്റവും വലിയ സമ്മാനം…
(ലേഖികയുടെ കാഴ്ചപ്പാട്)