പലരും അനുഭവിക്കുന്ന പ്രശ്നമാണ് ചർമ്മം സ്വാഭാവികമായി തന്നെ ഡ്രൈ ആയിരിക്കുക എന്നത് . മറ്റു ചിലർക്ക് കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചർമ്മത്തിൻറെ സ്വഭാവം മാറിവരുന്നു എന്നതും പ്രശ്നമാണ് . ചർമ്മം വല്ലാതെ വരണ്ടുപോവുക, അത് ചെറുതായി വിണ്ടുവരിക, പാളികളായി അടർന്നുപോരുക എന്നിങ്ങനെയെല്ലം ഡ്രൈ സ്കിൻ വഴി ഉണ്ടാകാം. എന്നാൽ ഡ്രൈ സ്കിന്നിനൊപ്പം ചൊറിച്ചിലും അനുഭവപ്പെടുന്ന ചിലരുണ്ട്. വളരെയധികം പ്രയാസമുണ്ടാക്കുന്നൊരു അവസ്ഥ തന്നെയാണിത്. ഇത് മറികടക്കാൻ വീട്ടിൽ തന്നെ ചില പൊടികൈകൾ ഉപയോഗിക്കാം.
ചൂടുവെള്ളം വേണ്ട
ചൂടുവെള്ളത്തിൽ കുളിക്കുന്നതു ചർമം കൂടുതൽ വരളാൻ കാരണമാകും. അതിനാൽ അധികം തണുപ്പില്ലാത്തതും ചൂടില്ലാത്തതുമായി വെള്ളത്തിൽ കുളിക്കുക. കുളിക്കാൻ സോപ്പിനു പകരം ഷവർ ജെൽ ഉപയോഗിക്കുന്നതാണു നല്ലത്. കുളി കഴിഞ്ഞാൽ ഉടൻ മോയിച്യുറൈസർ പുരട്ടണം.ഇതു ജലാംശം നഷ്‌ടപ്പെടാതിരിക്കാൻ സഹായിക്കും.
മോയിച്യുറൈസർ
ഡ്രൈ സ്കിന്നിനു വേണ്ടി പ്രത്യേകമുള്ള മോയിച്യുറൈസർ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ശരീരവും മുഖവും കഴുകാൻ വീര്യം കുറഞ്ഞ ഫേയ്‌സ് വാഷോ ക്ലെൻസറോ മാത്രം ഉപയോഗിക്കുക. പയറുപൊടി ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ദിവസത്തിൽ രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ഇവ ഉപയോഗിക്കുകയുമരുത്.
വെളിച്ചെണ്ണ
വെളിച്ചെണ്ണയെ ഒരു ‘നാച്വറൽ മോയിസ്ചറൈസർ’ ആയി നമുക്ക് കണക്കാക്കാം. ഇത് ചർമ്മത്തിൽ നല്ലതുപോല തേച്ച് പിടിപ്പിക്കാം. ഡ്രൈ സ്കിന്നും ചൊറിച്ചിലുമെല്ലാം മാറാനോ ആശ്വാസം കിട്ടാനോ ഇത് സഹായിക്കും.
കറ്റാർവാഴ
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് കറ്റാർവാഴ. ഇതിൻറെ ജെൽ ചൊറിച്ചിൽ അകറ്റാൻ ഏറെ സഹായകമാണ്. ഈ ജെൽ ദേഹത്ത് തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്. അതുപോലെ തന്നെ ചർമ്മം ഡ്രൈ ആകുന്നത് തടയാനും നിറവ്യത്യാസം തടയാനും പല അണുബാധകളെ പ്രതിരോധിക്കാനുമെല്ലാം കറ്റാർവാഴ സഹായിക്കുന്നു.
മഞ്ഞൾ
ചർമ്മത്തിലേതടക്കം പലവിധ അണുബാധകളെ ചെറുക്കുന്നതിന് മഞ്ഞൾ ഏറെ സഹായകമാണ്. എന്നാൽ കലർപ്പില്ലാത്ത മഞ്ഞൾ വേണം ഇതിന് ഉപയോഗിക്കാൻ.
സൂര്യകാന്തി എണ്ണ
ചർമ്മത്തിൻറെ ഏറ്റവും പുറമേയുള്ള പാളിയെ സംരക്ഷിക്കുന്നതിന് വളരെ സഹായകമാണ് സൂര്യകാന്തി എണ്ണ. സ്കിൻ മോയിസ്ചറൈസ് ആകാനും ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മ രോഗാണുക്കളിൽ നിന്നുള്ള അണുബാധകളെ ചെറുക്കാനുമെല്ലാം ഇത് സഹായിക്കുന്നു. ഇതുവഴി ചൊറിച്ചിലിനും ആശ്വാസം ലഭിക്കാം.
മറ്റ് പ്രധാന കാര്യങ്ങൾ
സ്കിൻ അത്രകണ്ട് ഡ്രൈ ആകുന്നത് പതിവാണെങ്കിൽ ഭക്ഷണത്തിൽ അടക്കം ജീവിതരീതികൾ എല്ലാം ശ്രദ്ധിക്കണം. പോഷകങ്ങളെല്ലാം ലഭ്യമാകുംവിധത്തിൽ ബാലൻസ്ഡ് ആയ ഡയറ്റ് ഉറപ്പിക്കുക. പഴങ്ങളും പച്ചക്കറികളുമെല്ലാം നല്ലതുപോലെ കഴിക്കുക, വ്യായാമമോ യോഗ- മെഡിറ്റേഷനോ പതിവാക്കുക, നല്ലതുപോലെ വെള്ളം കുടിക്കുക, കഴിവതും കോട്ടണിൻറെ അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക.
Read Also : ഒരു നെല്ലിക്ക മതി ഗുണങ്ങൾ പലതാണ്