ഗസ്സയില്‍ വീണ്ടും ലഘുലേഖകള്‍ എയര്‍ഡ്രോപ്പ് ചെയ്ത് ഇസ്രായേല്‍ സൈന്യം. ഗസ്സയിലെ ദുരിതത്തിന് കാരണം ഹമാസാണെന്ന് കുറ്റപ്പെടുത്തിയാണ് ഇത്തവണ ലഘുലേഖകള്‍. അറബിയിലുള്ള നൂറുകണക്കിന് ലഘുലേഖകളാണ് ഇസ്രായേല്‍ സൈന്യം ഗസ്സയില്‍ ആകാശമാര്‍ഗം വിതരണം ചെയ്തത്. ഗസ്സയുടെ നാശത്തിനും മാനുഷിക ദുരന്തത്തിനും കാരണം ഹമാസാണെന്നാണ് ലഘുലേഖയില്‍ കുറ്റപ്പെടുത്തുന്നു. ഫലസ്തീനികളെ മാനസികമായി തളര്‍ത്തുക, ഹമാസ് വിരുദ്ധ മനോഭാവം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് ഇസ്രായേല്‍ സേനയുടെ ലഘുലേഖ വിതരണം.
ഒരുവശത്ത് ഗസ്സയിലെ തകര്‍ന്ന വീട്ടില്‍ ഇഫ്താര്‍ ടേബിളില്‍ ഇരിക്കുന്ന ഫലസ്തീന്‍ കുടുംബത്തിന്റെയും മറുവശത്ത് സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന ഹമാസ് നേതാക്കളുടെയും വ്യാജ ചിത്രങ്ങളും പുറംചട്ടയില്‍ ചേര്‍ത്തിട്ടുണ്ട്. ഭക്ഷണവും വെള്ളവുമില്ലാതെ പൊറുതി മുട്ടുന്ന ഗസ്സയിലെ ജനങ്ങളോട് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും നന്നായി സംസാരിക്കാനും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ലഘുലേഖകള്‍ ഗസ്സയില്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എയര്‍ഡ്രോപ് ചെയ്ത ലഘുലേഖയില്‍ ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കാനും ദയയോടെ സംസാരിക്കാനുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് ഹമാസിനെ കുറ്റപ്പെടുത്തുന്ന ലഘുലേഖകളും എയര്‍ഡ്രോപ്പ് ചെയ്തത്.