നമ്മുടെ അടുക്കളയില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നെയ്യ്. ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമാണിത്. ആരോഗ്യകരമായ കൊഴുപ്പ് ഇതിലടങ്ങിയിട്ടുണ്ട്. കൂടാതെ വൈറ്റമിനുകള്‍, പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും നെയ്യിലുണ്ട്. മഴക്കാലത്ത് നെയ്യ് തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മഴക്കാലം വരുന്നതോടു കൂടെ ഫ്‌ലൂ, വൈറല്‍ പനികള്‍, വയറിന് അസുഖം, അതിസാരം തുടങ്ങിയ രോഗങ്ങളും വരാന്‍ തുടങ്ങും. അണുബാധകള്‍ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതല്‍ സാധ്യത മഴക്കാലത്താണെന്ന് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കേണ്ട സമയം ആണിത്.
പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു
രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രതിരോധശക്തി മെച്ചപ്പെടുത്തും എന്നതുകൊണ്ടുതന്നെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ആന്റിഫംഗല്‍ ഗുണങ്ങളും അടങ്ങിയ നെയ്യ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാന്‍ നെയ്യ് ശരീരത്തെ സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികള്‍, െഡസര്‍ട്ടുകള്‍ ഇവയിലെല്ലാം നെയ്യ് ചേര്‍ക്കാം.
ദഹനം മെച്ചപ്പെടുത്തുന്നു
മഴക്കാലത്ത് മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങള്‍ വയറിന് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അന്നനാളത്തില്‍ ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ആരോഗ്യകരമായ ബാക്ടീരിയകള്‍ പോഷകങ്ങളുടെ ആഗിരണം വേഗത്തില്‍ ആക്കുകയും ഉദരപ്രശ്‌നങ്ങളായ ഓക്കാനം, വയറു കമ്പിക്കല്‍, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യും.
ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു
ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
തലച്ചോറിന്റെ ആരോഗ്യം
നെയ്യ് തലച്ചോറിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഓര്‍മശക്തി വര്‍ധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു.
ചര്‍മത്തിന്റെ ആരോഗ്യം
ഷോര്‍ട്ട് ചെയ്ന്‍ ഫാറ്റി ആസിഡുകളാലും കൊഴുപ്പില്‍ ലയിക്കുന്ന വൈറ്റമിനുകളാലും നിര്‍മിക്കപ്പെട്ട നെയ്യ്, ചര്‍മത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു. മുഖക്കുരു, മുഖത്തെ പാടുകള്‍ ഇവയെല്ലാം അകറ്റാനും നെയ്യ് സഹായിക്കുന്നു.