കൊച്ചി: ഐഎസ്എൽ പത്താം സീസണിലെ ആദ്യമത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കിയ മഞ്ഞപ്പടയുടെ രണ്ടാം മത്സരം ഇന്ന്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. ജംഷഡ്പൂർ എഫ് സിയാണ് എതിരാളികൾ. ഉദ്‌ഘാടന മത്സരത്തിൽ ബെംഗളൂരു എഫ് സിയോട് പൊരുതിയ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. കരുത്തരായ ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം കൂട്ടാൻ സൂപ്പർ സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസും കളത്തിലിറങ്ങുന്നുണ്ട്.
ഈ സീസണിലെ ആദ്യ മത്സരത്തിൽ പരിക്ക് മൂലം ദിമിത്രിയോസിനു കളത്തിലിറങ്ങാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, താരത്തിന്റെ തിരിച്ചു വരവ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി വീഡിയോയിലൂടെ അറിയിച്ചതോടെ ആവേശത്തിലാണ് ആരാധകർ. ബ്ലാസ്‌റ്റേഴ്‌സ് പ്രീ സീസൺ മുന്നൊരുക്കങ്ങൾക്കിടെയാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് ഗ്രീസിലേക്ക് തിരിച്ചു പോയിരുന്നു. ആദ്യ മത്സരത്തിൽ താരം സജ്ജനായിരുന്നുവെങ്കിലും കരുതൽ വേണ്ടതിനാൽ മാനേജ്‌മെന്റ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ വലയിലാക്കിയ താരമാണ് ഡയമന്റകോസ്. തകർപ്പൻ പ്രകടനത്തിന് പിന്നാലെ ദിമിത്രിയോസിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് 2024 വരെ നീട്ടിയിരുന്നു. ദിമിത്രിയോസ് തിരിച്ചെത്തുന്നതോടെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ മാറ്റമുണ്ടാകും. ഏഷ്യൻ ഗെയിംസിലെ മത്സരം കഴിഞ്ഞ് മലയാളി താരം രാഹുല്‍ കെ പിയും ബ്രൈസ് മിറാണ്ടയും തിരിച്ചെത്തിയെങ്കിലും ഇന്ന് ടീമിൽ ഇറങ്ങില്ല. ഗോള്‍ കീപ്പറായി സച്ചിന്‍ സുരേഷ് തുടരും.
പത്താം സീസണിലെ രണ്ടാം മത്സരത്തിൽ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ജംഷഡ്പുർ എഫ്സി പോരിനിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ എഫ്സിയുമായി ഗോൾരഹിത സമനിലയിലാണ് ജംഷഡ്പൂർ പിരിഞ്ഞത്. മലയാളിയും ബ്ലാസ്റ്റേഴ്‌സ് മുൻ താരവുമായ ടി.പി റഹനേഷാണ് ജംഷഡ്പൂരിന്‍റെ ഗോൾ കീപ്പർ. നേര്‍ക്കുനേര്‍ നടന്ന പോരാട്ടങ്ങളിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനായിരുന്നു. ഇതിനു മുൻപ് ഇരുവരും ഏറ്റുമുട്ടിയ പതിനാലു കളികളിൽ നാലെണ്ണം ജയിച്ചു. മൂന്നെണ്ണത്തിൽ ജംഷഡ്‌പൂര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ ഏഴ് കളികൾ സമനിലയില്‍ അവസാനിച്ചു. ബെംഗളുരുവിനോട് കണക്കു വീട്ടിയ മഞ്ഞപ്പട ജംഷഡ്പൂരിനേയും തോൽപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.