കൊച്ചി: രണ്ടു ജയങ്ങൾക്ക് ശേഷം മഞ്ഞപ്പടയ്ക്ക് കിട്ടിയ അപ്രതീക്ഷിത പ്രഹരമായിരുന്നു മുംബൈക്കെതിരെയുള്ള തോൽവി. ആദ്യ എവേ മത്സരത്തിൽ ഇറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെ, മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് വീഴ്ത്തിയത്. മുംബൈയുടെ രണ്ടു ഗോളുകള്‍ക്കും കാരണമായത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവുകളും ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ അബദ്ധവുമായിരുന്നു. കളിക്കൊപ്പം അവസാന മിനിറ്റുകളില്‍ കൈയാങ്കളിയ്ക്കും കാണികൾ സാക്ഷികളായി. ഉന്തും തള്ളും പിടിവലിയുമെല്ലാം ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സംഭവിച്ചു. ഒടുവില്‍ നാടകീയ രംഗങ്ങളോടെയാണ് മത്സരം അവസാനിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ചിനും മുംബൈയുടെ യോല്‍ വാല്‍ നീഫിനും റഫറിയുടെ ചുവപ്പ് കാര്‍ഡ് ലഭിക്കുകയും ചെയ്തു. കൂടാതെ മഞ്ഞപ്പടയുടെ പ്രതിരോധ താരം പ്രതിരോധ താരം പ്രബീർ ദാസിന് വിലക്കും ഏർപ്പെടുത്തി.
തുടരെയുള്ള വിലക്കുകൾ ബ്ലാസ്‌റ്റേഴ്‌സിനെ വിടാതെ പിന്തുടരുകയാണ്. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് പ്രബിനു വിലക്കേർപ്പെടുത്തിയത്. മുംബൈ സിറ്റിക്കെതിരായ മത്സരത്തിൽ റഫറിക്കെതിരെ പ്രതിഷേധിച്ചതാണ് വിലക്കിനു കാരണം. ഇനി മൂന്ന് മത്സരങ്ങളിൽ താരത്തിന് കളിക്കാനാവില്ല. റഫറിക്കെതിരായ പ്രബീർ ദാസിന്റെ പ്രവർത്തി കടുത്തതായിരുന്നുവെന്നാണ് എഐഎഫ്എഫിന്റെ വാദം. മത്സരത്തിൽ ചുവപ്പു കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്സിന്റെ സെന്റർ ബാക്ക് താരം മിലോസ് ഡ്രിൻസിച്ചിനും മൂന്ന് മത്സരങ്ങളിൽ വിലക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ സീസണിൽ മത്സരം പൂർത്തിയാക്കാതെ താരങ്ങളെ തിരിച്ചു വിളിച്ചതിനു ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ചിന് വിലക്കേർപ്പെടുത്തിയതുമെല്ലാം വലിയ കോളിളക്കം സൃഷ്ടിച്ചതാണ്.
ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ മഞ്ഞപ്പട ഇറങ്ങുകയാണ്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് പോരാട്ടം. സീസണിലെ ഒരു മത്സരത്തിൽ മാത്രമാണ് നോർത്ത് ഈസ്റ്റ് വിജയിച്ചത്. ആറു പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തു തുടരുന്ന ബ്ലാസ്റ്റേഴ്‌സ് തോൽവിയിൽ നിന്ന് കര കയറാനാണ് ഇന്നിറങ്ങുന്നത്. എന്നാൽ, വിലക്കേർപ്പെടുത്തിയ പ്രതിരോധ താരങ്ങളുടെ അഭാവം മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാകും. പരിക്കിന്റെ പിടിയിലായ ഐബന്‍ ഡോഹ്ലിങ്ങും ടീമിൽ ഉണ്ടാകാൻ സാധ്യതയില്ല. പകരം സന്ദീപ് സിങ്ങും ഹോര്‍മി പാങ്ങും ആദ്യ ഇലവനില്‍ ഉൾപ്പെട്ടേക്കും. നായകൻ അഡ്രിയാന്‍ ലൂണയുടെ മികച്ച പ്രകടനവും മഞ്ഞപ്പടയ്ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ. പാര്‍ത്തിബ് ഗോഗോയും ഇബ്സൺ മിലോയും നയിക്കുന്ന മുന്നേറ്റ നിരയിലാണ് നോര്‍ത്ത് ഈസ്റ്റിന്‍റെ കരുത്ത്. നിലവില്‍ നാല് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്.