വാഷിങ്ടൺ: ബഹിരാകാശ നിലയത്തിൽ മാസങ്ങളായി കഴിയുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെ ആരോഗ്യം തൃപ്തികരമെന്ന് നാസ. സുനിതയുടെ ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്ന് നാസയുടെ ബഹിരാകാശ ഓപ്പറേഷൻസ് മിഷൻ ഡയറക്ടറേറ്റ് വക്താവ് ജിമി റുസ്സെൽ പറഞ്ഞു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഉള്ള എല്ലാവരും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു. എല്ലാ ദിവസവും കൃത്യമായ വൈദ്യ പരിശോധന നടക്കുന്നുണ്ട്. ഫ്ലൈറ്റ് സർജന്മാർ സുനിത വില്യംസിന്റെ ആരോഗ്യനില നിരീക്ഷിക്കുണ്ടെന്നും ജിമി റസൽ വ്യക്തമാക്കി.
ബഹിരാകാശ നിലയത്തിൽ നിന്നുള്ള പുതിയൊരു ചിത്രമാണ് സുനിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള ആശങ്കകൾക്കിടയാക്കിയത്. സുനിതയുടെ കവിൾ തീരെ ഒട്ടിയ നിലയിലാണ് ചിത്രത്തിൽ കാണാനാവുക. ഇത് കണ്ട ചില ആരോഗ്യ വിദഗ്ധർ ഇത് ദീർഘകാലത്തെ ബഹിരാകാശ വാസത്തിന്റെ ഫലത്തിന്റെ അനന്തരഫലമാണെന്ന അഭിപ്രായവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നാസ രംഗത്തെത്തിയത്.
സുനിതയുടെ സഹ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിമോറിനൊപ്പം 2024 ജൂൺ 5നാണ് സുനിത വില്യംസ് ബോയിങ്ങിന്റെ സ്റ്റാർ ലൈൻ ബഹിരാകാശ പേടകത്തിൽ യാത്ര തിരിച്ചത്. എട്ട് ദിവസത്തെ ദൗത്യത്തിനായിരുന്നു ബഹിരാകാശ നിലയത്തിലെത്തിയത്. ഇവർക്ക് തിരിച്ചുവരാനുള്ള ബോയിങ് സ്റ്റാർ ലൈൻ പേടകത്തിന്റെ സാങ്കേതിക തകരാറും ഹീലിയം ചോർച്ചയും കാരണമാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്.
സുനിത വില്യംസും ബുച്ച് വിമോറും 2025 ഫെബ്രുവരി വരെ ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരും. ഫെബ്രുവരിയിൽ സ്പേസ് എക്സിൻറെ ക്രൂ-9 പേടകത്തിലായിരിക്കും ഇവർ ഭൂമിയിലേക്ക് മടങ്ങുക