മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന 1.34 കോടിരൂപയുടെ ക്രമക്കേട് : പോലീസ് കേസെടുത്തു
മുട്ടം റൈഫിൾ ക്ലബ്ബിൽ നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ മുട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.തൊടുപുഴ മുൻസിഫ് കോടതി നിയോഗിച്ച കമ്മീഷൻ 1.34 കോടി രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
ഇതേ തുടർന്നാണ് നിലവിലെ കേരള റൈഫിൾസ് അസോസിയേഷൻ സെക്രട്ടറി സെക്രട്ടറി വി.സി.ജയിംസ് അടക്കമുള്ള മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തത്.
മുട്ടം റൈഫിൾ ക്ലബ്ബിന്റെ മുൻ സെക്രട്ടറിയാണ് വി .സി. ജയിംസ്.മുൻ ട്രഷറർ ജോസഫ് അഗസ്റ്റിൻ, മുൻ വൈസ് പ്രസിഡന്റ് കെ.കെ.തോമസ് എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ.
2013 മുതൽ 2022വരെയുള്ള കാലയളവിൽ കൃത്രിമ രേഖകളും വ്യാജവൗച്ചറുകളും ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്.
ഇപ്പോഴത്തെ ഭരണസമിതി സെക്രട്ടറി പ്രിൻസ് മാത്യുവിന്റെ പരാതിയിലാണ് കേസെടുത്തത്.പുതിയ ഭരണസമിതി അധികാരത്തിലെത്തിയ ഉടൻ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു.
തുടർന്ന് പോലീസിൽ കേസും കൊടുത്തു. എന്നിരുന്നാലും കേസെടുക്കാൻ പോലീസ് തയ്യാറായില്ല. പിന്നീടാണ് പ്രിൻസ് മാത്യു കോടതിയെ സമീപിച്ചത്. ക്രമക്കേടുകൾ പരിശോധിക്കാൻ കോടതി സ്വതന്ത്ര ഓഡിറ്ററെ നിയോഗിച്ചു.
ഇദ്ദേഹം 1,34,77,115 രൂപയുടെ ക്രമക്കേടുകൾ കണ്ടെത്തി. ഇതേ തുടർന്നാണ് പ്രിൻസ് മാത്യു വീണ്ടും പോലീസിൽ പരാതി നൽകിയത്. കേസിൽ എഫ്ഐആർ ഇട്ടെന്നും അന്വേഷണം ആരംഭിച്ചെന്നും മുട്ടം പോലീസ് അറിയിച്ചു.
ക്ലബ്ബിൽ ലഭിച്ച പത്ത് ലക്ഷം രൂപ തട്ടിയെന്നും ക്ലബ്ബിലേയ്ക്കെന്ന വ്യാജേന വാങ്ങിയ ഉപകരണങ്ങളും സാധന സാമഗ്രികളും കടത്തിയെന്നും ആരോപണമുണ്ട്.
ക്ലബ്ബിലെ ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിച്ച ശേഷം അവരിൽ നിന്നും കൈപ്പറ്റുകയാണെന്നും പുതിയ ഭരണസമിതിയംഗങ്ങൾ പറയുന്നു.
റൈഫിൾ ക്ലബ് ഹാളിന്റെ വാടകയിനത്തിലും ലക്ഷക്കണക്കിന് രൂപ തട്ടി. ഈ തുകയൊക്കെ ജയിംസിന്റെ വ്യക്തിഗത അക്കൗണ്ടിലേയ്ക്കാണ് പോയതെന്നും ഇപ്പോഴത്തെ ഭരണസമിതി ആരോപിക്കുന്നു.
ക്ലബിലെ തോക്കുകളിൽ വെടിയുണ്ടകൾ നിറക്കുന്ന നാലു മാഗസീനുകളും കാണാനില്ലെന്ന ആരോപണവും നേരത്തേ ഉയർന്നിരുന്നു.
ഉപയോഗിച്ച വെടിയുണ്ടയുടെ ഷെല്ലുകൾ നിയമവിരുദ്ധമായി നശിപ്പിച്ചെന്നും പുതിയ പ്രസിഡന്റ് പ്രിൻസ് മാത്യു ആരോപിക്കുന്നു.
ഷൂട്ടിങ് മത്സരത്തിനും പരിശീലനത്തിനും ശേഷം കാലിയായ ഷെല്ലുകൾ പോലീസിന്റെ സാന്നിധ്യത്തിൽ നശിപ്പിക്കണമെന്നാണ് നിയമം.
എന്നാൽ റൈഫിൾ ക്ലബിലെ രണ്ട് ലക്ഷത്തിലധികം വരുന്ന ഷെല്ലുകൾ യാതൊരു മാനദ്ണ്ഡവും പാലിക്കാതെ നശിപ്പിച്ചെന്നും ഇദ്ദേഹം ആരോപിക്കുന്നു.









