മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ മാരക രാസലഹരി കലർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം കോട്ടക്കലിലാണ് സംഭവം.
വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ എന്ന 23 കാരനാണ് പോക്സോ കേസിൽ പിടിയിലായത്. പെൺകുട്ടി 2020 ൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തുടങ്ങിയ പീഡനം, 2025 മാർച്ച് വരെ തുടർന്നുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. പീഡനശേഷം യുവാവ് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ശേഷം ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്നും പ്രതി സ്വർണാഭരണവും തട്ടി എടുത്തു.
പിന്നീട് ചികിത്സ തേടിയ പെൺകുട്ടി ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.
കൊച്ചിയിൽ മുഖം മൂടി ആക്രമണം; യുവതിയ്ക്ക് ഗുരുതര പരിക്ക്
എറണാകുളം: കൊച്ചി വല്ലാർപാടത്ത് മുഖം മൂടി ആക്രമണത്തിൽ യുവതിയ്ക്ക് ഗുരുതര പരിക്ക്. പനമ്പുകാട് ഫാം നടത്തിവരികയായിരുന്ന വിന്നിയെയാണ് മുഖം മൂടി ധരിച്ചെത്തിയ അജ്ഞാത സംഘം ആക്രമിച്ചത്. സംഭവത്തിൽ യുവതിയുടെ തലയ്ക്കും, കൈയ്ക്കും സാരമായി പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു ആക്രമണം.
വിന്നി നടത്തിവരുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി തർക്കം നിലനിന്നിരുന്നു. ഇതിലെ വിരോധമാകാം ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. മുളവുകാട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.