ബെംഗളുരു: പുതുവത്സര ദിനത്തിലെ ഐഎസ്ആർഒ ആദ്യ വിക്ഷേപണത്തിനു ഇനി മണിക്കൂറുകൾ ബാക്കി. സൗരയൂഥത്തിലെ എക്സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്സ്പോസാറ്റാണ് വിക്ഷേപണത്തിനൊരുങ്ങുന്നത്. നാളെ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് എക്സ്പോസാറ്റിന്റെ വിക്ഷേപണം നടക്കും. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം കൂടിയാണിത്.
25 മണിക്കൂർ നീളുന്ന കൗൺഡൗൺ ഇന്ന് രാവിലെ ആരംഭിച്ചിരുന്നു. ബഹിരാകാശ എക്സ്റേ സ്രോതസ്സുകൾ പഠിക്കുകയാണ് എക്സ്പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐഎസ്ആർഒയും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് രൂപകൽപ്പന. ബഹിരാകാശത്തെ നാൽപതോളം എക്സ്റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് കാലാവധി.
അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്സ്റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്സ്പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകത കൂടിയുണ്ട്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്ന ടെലിസ്കോപ്പ് നിർമ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക. പോളിക്സ്, XSPECT എന്നിങ്ങനെ രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. പോളിക്സ് ആണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന പേലോഡ്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും യു ആർ റാവു സാറ്റലൈറ്റ് സെന്ററും സംയുക്തമായാണ് ഇത് സൃഷ്ടിച്ചത്. 126 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം ബഹിരാകാശത്തെ സ്രോതസ്സുകളുടെ കാന്തികത, വികിരണം, ഇലക്ട്രോണുകൾ തുടങ്ങിയവയെ കുറിച്ച് പഠിക്കും.