ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യം ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തും. പേടകം ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയിന്റിൽ എത്തിച്ചേരുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. പേടകം എത്തിച്ചേരുന്ന കൃത്യ സമയം പിന്നീട് അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയുടെയും സൂര്യൻറെയും ആകർഷണങ്ങളിൽ പെടാതെ ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലം വെക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ട് പോകാതെ ലഗ്രാഞ്ച് പോയൻറിൽ എത്തിക്കും. പേടകത്തിലെ ഉപകരണങ്ങളുടെ പ്രവർത്തനം തൃപ്തികരമാണെന്നും ഐഎസ്ആർഒ വ്യക്തമാക്കി. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലം തുല്യമായി അനുഭവപ്പെടുന്ന അഞ്ച് പോയിന്റുകളിൽ ഒന്നാണ് ആദിത്യ-എൽ1 ലക്ഷ്യമിടുന്ന ലഗ്രാഞ്ച്. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇത്. ഇന്ത്യയുടെ ഈ ദൗത്യം വിജയം കാണുന്നതോടെ അടുത്ത അഞ്ചു വർഷം സൂര്യന് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഇന്ത്യ വിശകലനം ചെയ്യും. സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഏഴ് പേലോഡുകൾ അടങ്ങുന്നതാണ് ആദിത്യ എൽ വൺ പേടകം. ഇതിൽ നാല് ഉപകരണങ്ങൾ സൂര്യനെക്കുറിച്ചും മൂന്ന് ഉപകരണങ്ങൾ ലഗ്രാഞ്ച് ഒന്നിന്റെ പ്രത്യേകതകളെക്കുറിച്ചും പഠിക്കും.
രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ന്റെ വിജയത്തിന് പിന്നാലെയാണ് സെപ്തംബർ രണ്ടിനു ആദിത്യ എൽ 1 വിക്ഷേപിച്ചത്. സൂര്യൻറെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിൻറെ ഫലങ്ങളും കണ്ടെത്തുകയാണ് ആദിത്യ എൽ1ന്റെ ദൗത്യം.126 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ആദിത്യ ലക്ഷ്യത്തിലേക്ക് എത്തുന്നത്.
Read Also: കിടിലൻ ക്യാമറ, മികച്ച പ്രോസസർ; മികച്ച ഫീച്ചറുകളുമായി വരുന്നൂ റെഡ്മി നോട്ട് 13 പ്രോ + 5 ജി