അവധി കിട്ടിയില്ലെന്നു കരുതി കല്യാണം കഴിക്കാതിരിക്കാൻ പറ്റുമോ ? വേറെ മാർഗം കണ്ടെത്തുക തന്നെ വഴി. അങ്ങിനെ, വിവാഹ അവധി നിഷേധിച്ചതിനെ തുടർന്ന് വീഡിയോ കോളിലൂടെ വിവാഹം കഴിച്ച് ദമ്പതികളായി വധൂവരന്മാർ. Indian man and woman got married through video call
തുർക്കിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനായ വരനും ഹിമാചൽ പ്രദേശിൽ താമസിക്കുന്ന വധുവും തമ്മിലാണ് മറ്റുവഴികൾ ഇല്ലാതെ വന്നതോടെ വീഡിയോ കോളിലൂടെ വിവാഹിതരായത്. വരന്‍റെ തുർക്കിക്കാരനായ മേലുദ്യോഗസ്ഥൻ വിവാഹ ചടങ്ങിനായുള്ള അവധി നിരസിച്ചതിനെ തുടർന്നാണ് വീഡിയോ കോളിലൂടെ വിവാഹം നടത്താൻ വധൂവരന്മാർ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തത്.
തന്‍റെ വിവാഹത്തിനായി ഇന്ത്യയിലേക്ക് പോകാനായിരുന്നു വരൻ അദ്നാൻ മുഹമ്മദ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, അദ്നാന്‍റെ ടർക്കിഷ് കമ്പനി മേധാവി വിവാഹത്തിനായി അദ്ദേഹം നൽകിയ അപേക്ഷ തള്ളി.
ഒടുവില്‍, തന്‍റെ പേരക്കുട്ടിയുടെ വിവാഹത്തിന് സാക്ഷിയാകണമെന്ന വധുവിന്‍റെ രോഗിയായ മുത്തച്ഛന്‍റെ ആഗ്രഹം പരിഗണിച്ച് വിവാഹം മാറ്റിവയ്ക്കാതെ നിശ്ചയിച്ച തീയതിയിൽ തന്നെ നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചു. ഒടുവിൽ ഇരുകൂട്ടരും സാധ്യമാകുന്ന ബദൽ മാർഗ്ഗങ്ങൾ തേടുകയും വീഡിയോ കോളിലൂടെ വിവാഹ ചടങ്ങ് നടത്താൻ തീരുമാനിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വരന്‍ തുര്‍ക്കിയിൽ തന്നെ നിന്നെങ്കിലും വരന്‍റെ കുടുംബം ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നിന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിലേക്ക് ബറാത്തുമായി യാത്ര ചെയ്തു. മാണ്ഡിയില്‍ വച്ച് ഒരു ഖാസിയുടെ നേതൃത്വത്തിൽ വീഡിയോ കോൾ വഴി വിവാഹ ചടങ്ങുകൾ നടത്തുകയായിരുന്നു.