സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ 67.4 ഓവറിൽ ഇന്ത്യ 245ന് പുറത്ത്. തകർച്ചയിൽ നിന്നും ഇന്ത്യയെ കരകയറ്റിയ കെ എൽ രാഹുൽ സെഞ്ചുറി നേടി. 65–ാം ഓവറിലെ അവസാന പന്തു സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്. 137 പന്തുകളിൽ 101 റണ്‍സെടുത്തു താരം പുറത്തായി.
ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ തുടക്കം മുതൽ ഇന്ത്യയ്ക്കു അടിപതറി. ഇന്ത്യൻ സ്കോർ 13ൽ നിൽക്കെ ഇന്ത്യയ്ക്കു ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 പന്തുകളിൽ വെറും അഞ്ച് റൺസാണ് താരത്തിന് നേടാനായത്.
തുടർന്ന് യശസ്വി ജയ്സ്വാൾ (37 പന്തിൽ 17) പുറത്തായി. 12 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ ആകെ നേടിയത് രണ്ടു റൺസ്. മധ്യനിരയിൽ ശ്രേയസ് അയ്യർ പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും ഇതും അധികം നീണ്ടില്ല. 50 പന്തുകൾ നേരിട്ട അയ്യർ 31 റൺസെടുത്തു ബോൾഡായി. 61 പന്തിൽ 38 റൺസെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണു പുറത്തായത്. തുടർന്ന് അശ്വിനെയും മടക്കി റബാദ വിക്കറ്റ് നേട്ടം നാലാക്കി.
ഏഴാം വിക്കറ്റിൽ കെ.എൽ. രാഹുൽ– ഷാർദൂൽ ഠാക്കൂര്‍ സഖ്യം 43 റൺസെടുത്തു. 33 പന്തിൽ 24 റൺസെടുത്ത ഠാക്കൂറിനെ പുറത്താക്കി റബാദ് അഞ്ച് വിക്കറ്റ് നേട്ടം പേരിലാക്കി. പിന്നാലെയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും (9 പന്തിൽ 1) ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ടാം ദിവസം മുഹമ്മദ് സിറാജാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 22 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്. സെഞ്ചറിക്കു പിന്നാലെ ബർഗറുടെ പന്തിൽ രാഹുൽ പുറത്താക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ബോളർമാരിൽ നാന്ദ്രെ ബർഗർ മൂന്നു വിക്കറ്റും മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.
Read Also: സെഞ്ച്വൂറിയനിൽ അടിതെറ്റി ഹിറ്റ്മാൻ; രോഹിത്തിനെതിരെ ‘സെൽഫ്‍ലെസ്’ താരമെന്ന് പരിഹാസം