പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി പരസ്പരം പോരടിക്കുന്ന രണ്ടു ടീമുകൾ. തോൽവിയറിയാതെ വിജയ കുതിപ്പ് തുടരുന്ന ഇന്ത്യ, ദക്ഷിണാഫ്രിക്ക ആണെങ്കിൽ ആകെ തോറ്റത് ഒരു മത്സരത്തിൽ മാത്രം. ശത്രുക്കളെ അനായാസേന കൈകാര്യം ചെയ്യുന്ന ഇവർ ഏറ്റുമുട്ടുമ്പോൾ ആരാധകരും ആവേശത്തിലാണ്. സെമി ഫൈനലിന് മുൻപുള്ള ‘സെമി’ പോരാട്ടത്തിനുള്ള കാത്തിരിപ്പിനാണ് അവർ.
കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത് 300 നു മേലെയുള്ള പടുകൂറ്റൻ സ്‌കോറുകൾ. ഇന്ത്യയാകട്ടെ എതിരാളികളെ ആദ്യം ബാറ്റിങ്ങിന് അയക്കുന്ന രീതിയാണ്. ക്വിന്റണ്‍ ഡി കോക്ക്, റസി വാന്‍ ഡെര്‍ ഡൂസന്‍, ഡേവിഡ് മില്ലര്‍, എയിഡന്‍ മാര്‍ക്രം, ഹെന്‍ട്രിച്ച് ക്ലാസന്‍ എന്നിവർ ദക്ഷിണാഫ്രിക്കയുടെ ആക്രമണകാരികളായ ബാറ്റർമാരായി അങ്കത്തിനൊരുങ്ങുമ്പോൾ ഇന്ത്യയുടെ ബൗളിംഗ് നിര കുറച്ചൊന്നു വിയർക്കും. ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്ത് ദക്ഷിണാഫ്രിക്കയുടെ ആത്മ വിശ്വാസം ഉയർത്തുന്നുണ്ട്. കാരണം ഇതിനോടകം താരം അടിച്ചു കൂട്ടിയത് നാലു സെഞ്ചുറികളാണ്. ബൗളർമാരിൽ മാർക്കോ ജാൻസൻ, ജെറാൾഡ് കോട്‌സി, കേശവ് മഹാരാജ്, കാഗിസോ റബാഡ എന്നിവർ കാഴ്ച വെക്കുന്നതും ഗംഭീര പ്രകടനങ്ങളാണ്.
മറുവശത്ത് തോൽവി അറിയാത്തതിനാൽ പൂർണ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയുടെ ഇന്ത്യൻ പട. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങാൻ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് അവർ. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കിലും രോഹിതിന്റെ ഫോമിൽ ആർക്കും സംശയമില്ല. വിരാട് കോലിയും ശുഭ്മാൻ ഗില്ലും കെ ൽ രാഹുലും ശ്രേയസ് അയ്യരും അടങ്ങുന്ന ബാറ്റിംഗ് നിര ശക്തമാണ്. ബാറ്റർമാരുടെ പേടി സ്വപ്നമായ മുഹമ്മദ് ഷമിയും സിറാജും ജസ്പ്രിത് ബുംറയും ചേരുമ്പോൾ ബൗളിംഗ് നിരയും പൂർണ സജ്ജം. മധ്യ ഓവറുകളില്‍ രവീന്ദ്ര ജഡേജ – കുല്‍ദീപ് യാദവും തിളങ്ങും. നിലവിൽ ഇന്ത്യൻ ടീമിന്റെ പേടിയെന്ന് എടുത്തു പറയേണ്ടത് ഹാർദിക് പാണ്ഡ്യയുടെ അഭാവമാണ്. ഓൾ റൗണ്ടറായ പാണ്ഡ്യ പരിക്കുമൂലം പിന്മാറിയപ്പോൾ പകരക്കാരനായി എത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്ക് എത്രത്തോളം തിളങ്ങാൻ കഴിയുമെന്ന കാര്യത്തിൽ സംശയമാണ്.
ലോകകപ്പില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടിയത് അഞ്ച് തവണയാണ്. മൂന്ന് തവണ ജയം ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമായിരുന്നു. രണ്ട് തവണ ഇന്ത്യയും ജയിച്ചു. 2011 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. കരുത്തന്മാരായ രണ്ടു ടീമുകൾ നേർക്കുനേർ വരുമ്പോൾ ഇവിടെ പ്രവചനങ്ങൾക്ക് പ്രസക്തിയില്ല. അട്ടിമറി വേദിയിൽ എന്ത് നടക്കുമെന്ന് കണ്ടറിയണം.