ന്യൂഡൽഹി: ഇന്ത്യൻ നേവി അടുത്തിടെ കമ്മിഷൻ ചെയ്ത ഐഎൻഎസ് അരിഘട്ട് ആണവ അന്തർവാഹിനിയിൽ നടന്ന പുതിയ ആണവ മിസൈൽ പരീക്ഷണത്തിന് സ്ഥിരീകരണം. 3500 കി.മീ ദൂരമുള്ള മിസൈൽ പരീക്ഷച്ചെന്ന്നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.
കെ-4 മിസൈൽ എന്ന ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്ന് ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി. ഇന്ത്യ നടത്തിയ ഈ ചരിത്ര മിസൈൽ പരീക്ഷണം വലിയ വാർത്തയായതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണം. കെ-4ൻ്റെ ആദ്യ പരീക്ഷണമാണ് ഐഎൻഎസ് അരിഘട്ടിൽ നടന്നത്.
ഇതോടെ കരയിൽ നിന്നും വായുവിൽ നിന്നും കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ പറ്റുന്ന രാജ്യമായി ഇന്ത്യയും മാറി. രാജ്യത്തിൻ്റെ നാവിക ശക്തി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 62 കപ്പലുകളും ഒരു അന്തർവാഹിനിയും നിലവിൽ നിർമ്മാണത്തിലാണെന്നും അഡ്മിറൽ മാധ്യമങ്ങളോട് പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ നടന്ന പരീക്ഷണത്തെപ്പറ്റി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യ ഇതുവരെ അത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ ചൈന പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഈ പരീക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിധാമാൻ 2025ൽ തന്നെ കമ്മിഷൻ ചെയ്യുമെന്നാണ് സൂചന. ഇതും ഇന്തോ-പസഫിക് മേഖലയിൽ രാജ്യത്തിന് കരുത്ത് പകരും