ഗുജറാത്തിലെ അമരേലി ജില്ലയിൽ കർഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയത്. സഞ്ജയ് പൊളാര എന്നയാളുടെ കുടുംബമാണ് കുടുംബത്തിന് എല്ലാ ഐശ്വര്യവും കൊണ്ടുവന്ന കാറിനെ വിൽക്കാൻ മനസില്ലാത്തതിനാൽ സ്വന്തം കൃഷിയിടത്തിൽ സംസ്‌കരിച്ചത്. 15 അടി താഴ്ചയിൽ കുഴിയെടുത്താണ് 12 വർഷം പ്രായമായ വാഗൺ ആർ കാർ ഇവർ സംസ്‌കരിച്ചത്.
തന്റെ കുടുംബത്തിൽ ഐശ്വര്യം വരാൻ കാരണം 12 വർഷം പഴക്കമുള്ള ഈ കാറാണെന്ന് പൊളാര കരുതുന്നു. കർഷകനും സൂറത്തിൽ കെട്ടിടനിർമാണ ബിസിനസുകാരനുമായ അദ്ദേഹത്തിന് കാറുവാങ്ങിയതുതൊട്ട് വെച്ചടി കയറ്റമായിരുന്നത്രെ. ”അതോടെ ഞങ്ങൾക്ക് സമൂഹത്തിൽ ഒരു വിലയും നിലയും കൈവന്നു. അതിനാലാണ് വണ്ടി പഴകിയപ്പോൾ വിൽക്കുന്നതിനുപകരം സമാധിയിരുത്താൻ തീരുമാനിച്ചത്” -പൊളാര പറഞ്ഞു.
സംസ്‌കാരച്ചടങ്ങിന് കുറിയടിച്ച് ആളുകളെ ക്ഷണിച്ചു. മുല്ലപ്പൂകൊണ്ട് അലങ്കരിച്ച കാറിനെ വീട്ടിൽനിന്ന് കൃഷിഭൂമിയിലേക്ക് കൊണ്ടുപോയി. 15 അടി താഴ്ചയുള്ള കുഴിയിലേക്ക് പച്ചപ്പുതപ്പ് പുതപ്പിച്ച് ഇറക്കി. പുരോഹിതർ മന്ത്രങ്ങൾ ചൊല്ലി . കുടുംബാംഗങ്ങൾ പൂക്കൾ ചൊരിഞ്ഞു. ബുൾഡോസർകൊണ്ട് മണ്ണിട്ട് മൂടി. എത്തിയവർക്കെല്ലാം സമൃദ്ധമായ അന്നദാനവുമുണ്ടായി.
ഭാവിതലമുറയും ഈ കാറിനെ ഓർക്കുന്നതിനുകൂടിയാണ് ചടങ്ങ് നടത്തിയതെന്നും സഞ്ജയ് പൊളാര അറിയിച്ചു. നാലുലക്ഷം രൂപയാണ് സംസ്‌കാരച്ചടങ്ങുകൾക്ക് ഇദ്ദേഹം മുടക്കിയത്. സ്ഥലത്ത് ഒരു വൃക്ഷത്തൈയും നട്ടിട്ടുണ്ട്. ലക്കി കാറിന്റെ സമാധിസ്ഥലം കൃത്യമായി അറിയാനാണത്. ചടങ്ങിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.