ഭോപ്പാലിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 80 കോടിയിലേറെ രൂപയുടെ ആസ്തി കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസുകൾ നമ്മുടെ രാജ്യത്ത് ഇപ്പോൾ വളരെ കൂടുതലാണ്. അങ്ങനെ ഒരു കേസാണ് ഇപ്പോൾ ഭോപ്പാലിൽ നടന്നിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ലോകായുക്തയുടെ സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്മെൻറാണ് (എസ്‍പിഇ) പരിശോധന നടത്തിയത്.
ഭോപ്പാലിലെ ടെക്നിക്കൽ എജ്യുക്കേഷൻ വകുപ്പിലെ ജൂനിയർ ഓഡിറ്ററായ രമേഷ് ഹിംഗോറാനിയുടെ വീട്ടിലായിരുന്നു റെയ്ഡ് നടന്നത്. 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും 55,000 രൂപയുടെ വെള്ളി ആഭരണങ്ങളും 13 ലക്ഷത്തോളം രൂപയും നാല് ആഡംബര കാറുകളും അഞ്ച് ആഡംബര ബൈക്കുകളും രണ്ട് ബംഗ്ലാവുകളും ഉൾപ്പെടെ 80 കോടിയിലേറെ രൂപയുടെ ആസ്തി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ആസ്തിയുടെ മൂല്യം കൃത്യമായി നിർണയിച്ച് വരുന്നതേയുള്ളൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഹിംഗോറാനിയുമായി ബന്ധപ്പെട്ട ആറ് സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.
ലക്ഷ്മി ദേവി എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള മൂന്ന് സ്‌കൂളുകളുടെ നിയന്ത്രണം ഹിംഗോറാണിയും മക്കളും കൈയടക്കി എന്നും ആരോപണം ഉയരുന്നുണ്ട്. മക്കളെ മതിയായ യോഗ്യതകളില്ലാതെ ഈ സ്കൂളുകളുടെ ഡയറക്ടർമാരായി നിയമിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെയും കോടികളുടെ ഇടപാട് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ പത്തോളം കടകൾ ഈ കുടുംബത്തിനുണ്ട്. ഹിംഗോറാണിയും മക്കളായ യോഗേഷും നിലേഷും സർക്കാർ ഭൂമി കൈവശപ്പെടുത്തി റിയൽ എസ്റ്റേറ്റുകാർക്ക് വിറ്റെന്നും പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ഹിംഗോറാനിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. തിരച്ചിൽ പൂർത്തിയാകുമ്പോൾ മാത്രമേ സ്വത്തുക്കളുടെ മൂല്യം സംബന്ധിച്ച അന്തിമ കണക്ക് വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
English summary: Illegal acquisition of property; More than 80 crore assets were seized in a raid at the house of a junior auditor of the education department in Bhopal.