ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ വിദ്യാര്‍ഥിനിക്ക് വജ്ര നെക്ലേസ് സമ്മാനിച്ച് നടന്‍ വിജയ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 600 ല്‍ 600 മാര്‍ക്കും നേടിയ, ഡിണ്ടിഗല്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളായ അണ്ണാമലയാര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി എസ്. നന്ദിനിക്കാണ് വിജയ് വജ്ര നെക്ലേസും സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചത്. മാലയ്ക്ക് 10 ലക്ഷം രൂപയോളം വിലവരും. തമിഴ് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും നൂറില്‍ 100 മാര്‍ക്ക് നേടി നന്ദിനി സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി. നന്ദിനിയെയും മാതാപിതാക്കളെയും ഒരുമിച്ചു വേദിയിലേക്ക് വിളിച്ചാണ് വിജയ് പെണ്‍കുട്ടിയെ അനുമോദിച്ചത്. നിര്‍ധന കുടുംബത്തിലെ അംഗമായ നന്ദിനിയുടെ അച്ഛന്‍ ശരവണകുമാര്‍ മരപ്പണിക്കാരനും അമ്മ ഭനുപ്രിയ വീട്ടമ്മയുമാണ്.
പെണ്‍കുട്ടിയെയും മാതാപിതാക്കളെയും വേദിയിലേക്ക് ക്ഷണിച്ച വിജയ് നെക്ലേസ് അമ്മ ഭാനുപ്രിയയ്ക്കു കൈമാറി. അമ്മയാണ് മകളുടെ കഴുത്തില്‍ മാല അണിയിച്ചത്. ശേഷം വിജയ് നന്ദിനിയോടും കുടുംബത്തോടും കുശലം പറയുകയും ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു.
വിജയ്യെ കൂടാതെ തമിഴ് രാഷ്ട്രീയ രംഗത്തും കലാ-സാംസ്‌കാരിക രംഗത്തുമുള്ളവര്‍ നന്ദിനിക്ക് അഭിനന്ദനങ്ങളും സമ്മാനങ്ങളുമായി എത്തിയിരുന്നു. വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി വിദ്യാര്‍ഥിനിയെ ഫോണില്‍ അഭിനന്ദിച്ചു. മന്ത്രി പെരിയസ്വാമി വിദ്യാര്‍ഥിയെയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് പ്രത്യേക സര്‍ട്ടിഫിക്കറ്റ് നല്‍കി. മുഖ്യമന്ത്രി സ്റ്റാലിനെ നേരില്‍ കണ്ട് നന്ദിനി അനുഗ്രഹം വാങ്ങിയിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. കവി വൈരമുത്തു നന്ദിനിക്ക് ഒരു സ്വര്‍ണ പേനയാണ് സമ്മാനിച്ചത്. നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ കാല്‍ക്കുലേറ്ററുകളും സെല്‍ഫോണുകളും മറ്റ് സമ്മാനങ്ങളുമായി വിദ്യാര്‍ഥിനിയെ കാണാന്‍ എത്തുന്നുണ്ട്. സിഎ ആണ് നന്ദിനിയുടെ ലക്ഷ്യം. പിഎസ്ജി കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കൊയമ്പത്തൂരിലാണ് നന്ദിനി അഡ്മിഷന്‍ എടുത്തത്. ബികോം (പ്രഫഷനല്‍ അക്കൗണ്ടിങ്) ആണ് നന്ദിനിയുടെ ബിരുദവിഷയം. ട്യൂഷന്‍ ഫീസ്, ബുക്ക് ഫീസ്, ഹോസ്റ്റല്‍ സൗകര്യം തുടങ്ങിയ നന്ദിനിയുടെ ചിലവുകളെല്ലാം വഹിക്കുന്നത് കോളജ് ആണ്.
ജൂണ്‍ 17ന് തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലെ ഹയര്‍സെക്കന്‍ഡറി, എസ്എസ്എല്‍സി ഗ്രേഡുകളിലെ മികച്ച 3 റാങ്കുകാരെ കണ്ടെത്തി ആദരിക്കുന്ന ചടങ്ങിലാണ് ദളപതി വിജയ് പങ്കെടുത്തത്. വിദ്യാര്‍ഥികള്‍ക്ക് സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും വിജയ് വിതരണം ചെയ്തു. 1500 ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അടങ്ങുന്ന ചടങ്ങ് ചെന്നൈ നീലങ്കര ആര്‍കെ കണ്‍വന്‍ഷന്‍ സെന്ററിലാണ് നടന്നത്. രാവിലെ എട്ട് മുപ്പതിനു തുടങ്ങിയ പരിപാടിയില്‍ പതിമൂന്ന് മണിക്കൂര്‍ വിജയ് സ്റ്റേജില്‍ തന്നെ തുടര്‍ച്ചയായി നില്‍ക്കുകയായിരുന്നു. കുട്ടികളോട് അനുവാദം ചോദിച്ച് ഇടയ്ക്ക് രണ്ട് മിനിറ്റ് മാത്രമാണ് ഇടവേളയെടുത്തത്.
ഈ ചടങ്ങിനായി വിജയ് രണ്ടു കോടി രൂപ ചെലവഴിച്ചിട്ടുണ്ടാകുമെന്നാണ് സൂചന. 40 ലക്ഷം രൂപയാണ് ഹാള്‍ വാടക മാത്രം. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം, ഭക്ഷണം, താമസം, ഇന്‍സെന്റീവുകള്‍ തുടങ്ങിയവയ്ക്കായി രണ്ടുകോടിയോളം രൂപ ചെലവിട്ടിട്ടുണ്ടാകും എന്ന് വിജയ് പീപ്പിള്‍സ് മൂവ്മെന്റ് എക്സിക്യൂട്ടിവ് മാധ്യമങ്ങളോടു പറഞ്ഞു. ഇതിനു പുറമെയാണ് 10 ലക്ഷം രൂപയോളം വിലയുള്ള വജ്ര മാല താരം പെണ്‍കുട്ടിക്ക് സമ്മാനിച്ചത്.
പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയില്‍ താന്‍ പങ്കെടുക്കുന്ന ചടങ്ങ് പ്രൊമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ഥിച്ചിരുന്നു. നടന്റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കമാണ് പരിപാടി സംഘടിപ്പിച്ചത്. പണം വാങ്ങി വോട്ട് ചെയ്യുന്നത് സ്വയം വിരല്‍ കൊണ്ട് കണ്ണില്‍ കുത്തുന്നതിനു തുല്യമാണെന്നും ഇതില്‍ നിന്നു മാതാപിതാക്കളെ തടയണമെന്നും വിജയ് വിദ്യാര്‍ഥികളോടു പറഞ്ഞു. ഇത് രാഷ്ട്രീയ കക്ഷികളെ ഉന്നമിട്ടുള്ള പരാമര്‍ശമാണെന്നാണു വിലയിരുത്തല്‍.