ഐഎഫ്എഫ്‌കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐഎഫ്എഫ്‌കെയുടെ മുപ്പതാം പതിപ്പിന് ഇന്ന് തിരശീല ഉയരും.
എട്ട് ദിവസങ്ങളിലായി തലസ്ഥാനത്തെ 16 തീയറ്ററുകളിൽ 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 26 വിഭാഗങ്ങളിലായി ചിത്രങ്ങൾ കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് ആറിന് നിശാഗന്ധിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഔപചാരികമായി മേള ഉദ്ഘാടനം ചെയ്യും.
കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചിലി സംവിധായകൻ പാബ്ലോ ലാറോ മുഖ്യാതിഥിയാകും.
പലസ്തീൻ അംബാസഡർ അബ്ദുള്ള എം അബു ഷവേഷ്, ജർമൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ എന്നിവരും വിശിഷ്ടാതിഥികളായി പങ്കെടുക്കും.
ചടങ്ങിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് കനേഡിയൻ സംവിധായിക കെല്ലി ഫൈഫ് മാർഷലിന് സമ്മാനിക്കും. ഉദ്ഘാടനച്ചടങ്ങിന് ശേഷം ‘പലസ്തീൻ 36’ എന്ന സിനിമ പ്രദർശിപ്പിക്കും.
മേളയുടെ ഭാഗമായി സംവിധായകൻ ഷാജി എൻ. കരുണിനെക്കുറിച്ചുള്ള ‘കരുണയുടെ കാമറ’ എന്ന പുസ്തകം സാംസ്‌കാരിക മന്ത്രി അനസൂയ ഷാജിക്ക് നൽകി പ്രകാശനം ചെയ്യും.
ചലച്ചിത്രമേള കൈപുസ്തകം സ്പാനിഷ് നടിയും ജൂറി അംഗവുമായ ആജ്ഞല മോളിന വിയറ്റ്നാം സംവിധായകൻ ബൂയി തക് ചുയെന് നൽകി പുറത്തിറക്കും.
ഡെയിലി ബുള്ളറ്റിൻ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർക്കു നൽകി പ്രകാശനം ചെയ്യും. ‘ചലച്ചിത്ര സമീക്ഷ’യുടെ പ്രത്യേക പതിപ്പ് സംവിധായകൻ കമൽ ബീന പോളിന് നൽകി പുറത്തിറക്കും.
സിനിമയിലെ 50 വർഷം പൂർത്തിയാക്കിയ സംവിധായകൻ രാജീവ്നാഥിനെ മേളയിൽ ആദരിക്കും. രാജീവ്നാഥിനെക്കുറിച്ചുള്ള ‘തണൽ’ പുസ്തകം ടി. കെ. രാജീവ് കുമാർ, കെ. മധുവിന് നൽകി പ്രകാശനം ചെയ്യും.
ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ജനറൽ കൗൺസിൽ അംഗം സോഹൻ സീനുലാൽ എന്നിവർ ചടങ്ങിൽ സംസാരിക്കും. മധുപാൽ, ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് എന്നിവർ പങ്കെടുക്കും.
English Summary:
The 30th edition of the International Film Festival of Kerala (IFFK) begins today in Thiruvananthapuram. Over eight days, 206 films from 82 countries will be screened across 16 theatres in the city, under 26 categories. Cultural Minister Saji Cherian will inaugurate the festival at Nishagandhi Auditorium.
iffk-30th-edition-begins-thiruvananthapuram
IFFK, Film Festival, Thiruvananthapuram, Kerala, Cinema, Pablo Larraín, Kelly Fyffe-Marshall, Saji Cherian, Shaji N Karun, Rajeevnath









