തിരുവനന്തപുരം: ശബരിമലയിൽ ഒരു വർഷം കെ.എസ്.ഇ.ബിക്ക് അടക്കുന്ന പണം മതി സോളാർ സ്ഥാപിക്കാൻ. ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കാൻ ഒറ്റത്തവണ 10 കോടിരൂപ മുടക്കിയാൽ മതിയാകുമെന്നാണ് ബോർഡ് കണക്കാക്കുന്നത്. മണ്ഡലകാലത്ത് മാത്രം മൂന്നുകോടി രൂപയാണ് വൈദ്യുതി ചാർജായി ദേവസ്വംബോർഡ് ചെലവാക്കുന്നത്. ഒരുവർഷത്തേക്ക് 10 കോടിയോളവും.
ശബരിമലയിൽ സൗരോർജ പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതിച്ചാർജിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വർഷംതോറും ലാഭിക്കാനാവുക 10 കോടിരൂപയാണ്. ശബരിമലയിൽ സോളാർ വൈദ്യുതി ഉത്‌പാദനത്തിന് 10 കോടി ചെലവഴിക്കാൻ സ്‌പോൺസറെ കണ്ടെത്താനാണ് തീരുമാനം. എൻ.വാസു പ്രസിഡന്റായിരിക്കെ ഹൈദരാബാദിലുള്ള സ്ഥാപനം ഇതിന് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽഭരണസമിതി മാറിയപ്പോൾ തുടർനടപടി ഉണ്ടായില്ല.
ശബരിമലയിലും മറ്റ് പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളിലും സൗരോർജപദ്ധതി നടപ്പാക്കാൻ ദേവസ്വംബോർഡ് കഴിഞ്ഞ ബജറ്റിൽ 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. പദ്ധതിയ്ക്ക് തുടക്കമിട്ട് തിരുവനന്തപുരം നന്ദൻകോട് ദേവസ്വംബോർഡ് ആസ്ഥാനത്തെ കെട്ടിടങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു. 40 കിലോവാട്ട് വൈദ്യുതി ഇതിൽനിന്നുകിട്ടും. 542 വാട്ട് ഉത്പാദിപ്പാക്കാവുന്ന സംവിധാനമാണ് ഒരുക്കുന്നത്. നിലവിൽ ദിവസവും 160 യൂണിറ്റ് ഉത്പാദിപ്പിക്കാനാവുമെന്നാണ് കണക്ക്.
ശബരിമലയിൽ ഉയരത്തിലുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ഉള്ളതിനാൽ പാനലുകൾ സ്ഥാപിക്കാൻ പ്രയാസമില്ല. സർക്കാർ സംരംഭമായ അനെർട്ട് മുഖേനയായിരിക്കും സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുക.
പദ്ധതിയുടെ സാങ്കേതിക സഹായത്തിന് സിയാലിനെ സമീപിക്കും. അധികവൈദ്യുതി വിൽക്കുന്നതിലൂടെ ബോർഡിന് വരുമാനവും ലഭിക്കും.