വാഴൂർ സോമന് വിട നൽകി ഇടുക്കി; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ
ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികൾക്ക് വേണ്ടി അവസാന ശ്വാസം വരെ പോരാടിയ പീരുമേട് എം എൽ എ വാഴൂർ സോമന് അന്ത്യാഞ്ജലി.
വ്യാഴാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുത്ത് മടങ്ങവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 72 വയസായിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് വാഴൂർ സോമൻ്റെ ഭൗതിക ശരീരം വണ്ടിപ്പെരിയാറിലെത്തിച്ചത്. വെള്ളിയാഴ്ച രാവിലെ പീരുമേട്ടിലെ സ്വന്തം വീട്ടിൽ നിന്നും രാവിലെ 11.30 ന് ഭൗതിക ശരീരം വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലെത്തിച്ചു.
മന്ത്രി കെ. രാജൻ്റെ നേതൃത്വത്തിലാണ് മൃതദേഹം പൊതുദർശനത്തിനെത്തിച്ചത്. തുടർന്ന് സമൂഹത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.
ഹൈറേഞ്ച് മേഖലയിൽ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട വാഴൂർ സോമൻ 2021 ലാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ആദരാഞ്ജലി അർപ്പിച്ചു.
ആദരാഞ്ജലി അർപ്പിച്ച പ്രമുഖർ:
നിയമസഭാ സ്പീക്കർ എ എൻ. ഷംസീർ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ഡീൻ കുര്യാക്കോസ് എം.പി., എം.എൽഎ മാരായ എം.എം. മണി, എ.രാജ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ, മുൻ മന്ത്രിമാരായ കെ. രാജു, കെ.പി. രാജേന്ദ്രൻ, മാത്യു ടി തോമസ്, മുൻ എം.പിമാരായ അഡ്വ. ജോയ്സ് ജോർജ്, ടി.ജെ. ആഞ്ചലോസ്.
മുൻ എം എൽ എ മാരായ രാജു എബ്രഹാം, ജോസഫ് വാഴയ്ക്കൻ, കെ പ്രകാശ് ബാബു, ബാബു പോൾ, ഇ എസ് ബിജി മോൾ, എഡിഎം ഷൈജു പി ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്.
രാഷ്ട്രീയ കക്ഷി നേതാക്കളായ ബിനോയ് വിശ്വം, കെ. സലിം കുമാർ, സി.വി. വർഗീസ്, സി.പി. മാത്യു, എൻ. അരുൺ, ലതിക സുഭാഷ്.
കാഞ്ഞിരപള്ളി രൂപത വികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനു വേണ്ടി സി.എസ്. രാജേന്ദ്രൻ, പി.കെ. വിനോദ് എന്നിവർ റീത്ത് സമർപ്പിച്ചു.
എം എൽ എമാരായ എം.എം. മണി, കെ.യു. ജനീഷ് കുമാർ, ആൻ്റണി ജോൺ, സി.കെ. ആശ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ.
മുൻ എം എൽ എ വി.എസ്. സുനിൽ കുമാർ, മുൻ മന്ത്രി കെ.പി. രാജേന്ദ്രൻ, കെ. സലിം കുമാർ തുടങ്ങിയവരും സ്മൃതി മണ്ഡപത്തിലെത്തി അന്ത്യാഭിവാദം അർപ്പിച്ചു.
ഉച്ചയ്ക്ക് ശേഷം 3.30 ന് ഭൗതിക ദേഹം വഹിച്ചു കൊണ്ട് വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് നാലരയ്ക്ക് വിലാപയാത്ര പാമ്പനാർ സ്മൃതി മണ്ഡപത്തിലെത്തി.
സ്മൃതി മണ്ഡപത്തിനു മുന്നിലും നിരവധി പേർ ഭൗതിക ശരീരം കാണാനെത്തി. 4.45 ന് പോലീസിൻ്റെ നേതൃത്വത്തിൽ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് ഭൗതികദേഹം സംസ്കരിച്ചു.
മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ. രാജൻ, പി.പ്രസാദ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, എഡിഎം ഷൈജു പി. ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ് എന്നിവരും സ്മൃതി മണ്ഡപത്തിലെത്തി.