തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കേണ്ട ദക്ഷിണാഫ്രിക്ക– അഫ്ഗാനിസ്ഥാൻ ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കേണ്ട കളി കനത്ത മഴ പെയ്യുന്നതിനാൽ ടോസ് പോലും ഇടാൻ സാധിച്ചില്ല. മഴ തുടർച്ചയായി പെയ്തതിനാൽ ഔട്ട്ഫീൽഡിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെയും കാര്യവട്ടത്ത് മത്സരങ്ങളുണ്ട്. നാളെ നടക്കുന്ന സന്നാഹ മത്സരം ഓസ്ട്രേലിയയും നെതർലൻഡ്‌സും തമ്മിലാണ്. ഒക്ടോബർ 2, 3 തീയതികളിലും മത്സരമുണ്ട്. 3ന് ഇന്ത്യയും നെതർലൻഡ‍്സും തമ്മിലാണ് മത്സരം നടക്കുക. ഇന്ന് നടക്കുന്ന മറ്റു രണ്ടു സന്നാഹ മത്സരങ്ങളിൽ, ന്യൂസീലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു.
ഇന്ത്യയുടെ സന്നാഹ മത്സരത്തിൽ നിലവിലെ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി നടക്കും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് ഗുവാഹത്തിയിൽ വെച്ചാണ് മത്സരം. ലോകകപ്പ് ടീമിൽ അക്സര്‍ പട്ടേലിനെ ഒഴിവാക്കി ആര്‍ അശ്വിനെ ഉൾപ്പെടുത്തിയിരുന്നു. പരിക്കുമൂലം ആണ് അക്സറിന് ടീമിൽ ഇടം നേടാൻ കഴിയാതെ വന്നത്. അശ്വിൻ ആദ്യ ഇലവനിൽ തന്നെ ഇടം പിടിക്കും. ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ് ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ലോകകപ്പില്‍ എട്ടിന് കരുത്തരായ ഓസ്ട്രേലിയക്കെതിരാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം.
Also Read: ഇനി ലക്ഷ്യം ലോകകപ്പ്; സന്നാഹ മത്സരങ്ങൾക്ക് ഇന്ന് തുടക്കം