രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പോലീസ് അന്വേഷിക്കുന്ന കേസിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. അതിനിടെ, എറണാകുളം റൂറൽ പോലീസ് വിശദമായ അന്വേഷണത്തിനായി പത്തംഗ സംഘത്തെ നിയോഗിച്ചു.
അന്താരാഷ്‌ട്ര അവയവക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതിന് പിന്നാലെയാണ് മലയാളിയായ സാബിത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിന് കീഴിലായത്. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചി-കുവൈത്ത്-ഇറാൻ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതിയാണ് അവയവ കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയതെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശ്ശേരിയില്‍ വെച്ച് എമിഗ്രേഷൻ തടഞ്ഞ് പിടികൂടിയത്. സംഭവത്തിന് രാജ്യാന്തര മാനങ്ങളുളള സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര ഏജൻസികൾ ആലോചിക്കുന്നത്.
എൻ ഐ എയും ഐ ബിയും കഴിഞ്ഞ ദിവസം പ്രതിയെ ചോദ്യം ചെയ്തിരുന്നു. കേസിലെ പല പ്രധാന സംഭവങ്ങളും നടന്ന സംസ്ഥാന പൊലീസിന്‍റെ അന്വേഷണ പരിധിക്കും പുറത്താണ്. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്നും എൻ ഐ എ പരിശോധിക്കുന്നുണ്ട്. ഇതിനിടെ അന്വേഷണ സംഘത്തെ വിപുലമാക്കിയതായി എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന അറിയിച്ചു. അവയവ റാക്കറ്റിന്‍റെ കെണിയിൽപ്പെട്ട് ഇറാനിലേക്ക് പോയ പാലക്കാട് സ്വദേശി ഷമീർ ഇപ്പാൾ ബാങ്കോക്കിൽ ഉണ്ടെന്നാണ് സൂചന. ഇയാളെപ്പറ്റി ഒരു വർഷമായി വിവരമില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
Read More: സാങ്കേതിക വിദ്യാഭ്യാസത്തിന് ‘വാണി’; പഠിപ്പിക്കും മലയാളം ഉൾപ്പടെ 12 ഭാഷകൾ
Read More: റെഡ് അലേര്‍ട്ടില്ല; എട്ടു ജില്ലയിൽ ഓറഞ്ച് അലേർട്ട്, സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് മാറ്റം
Read More: ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇപി ജയരാജന്‍