തിരുവനന്തപുരം: ഡിജിപി റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ.
മാധ്യമപ്രവർത്തകൻ എന്ന വ്യാജേന വാർത്താസമ്മേളനത്തിന് എത്തിയ ആൾ ഡിജിപിക്ക് മുന്നിൽ പരാതിയുമായി എത്തുകയായിരുന്നു. കുറച്ചു കടലാസുകളുമായാണ് ഇയാൾ പൊലീസ് മേധാവിയുടെ മുന്നിലെത്തിയത്.
നടപടിയെടുക്കാം എന്ന് ഡിജിപി മറുപടി നൽകിയെങ്കിലും ഇയാൾ പിന്തിരിയാൻ തയ്യാറായില്ല. പിന്നീട് പൊലീസ് ഇയാളെ ബലംപ്രയോഗിച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.
പരാതിയുമായി അപ്രതീക്ഷിതമായി പൊലീസ് മേധാവിയുടെ മുന്നിലേക്കെത്തിയത് സുരക്ഷാ വീഴ്ചയായാണ് കാണുന്നത്. പൊലീസ് മേധാവിക്കൊപ്പം എഡിജിപി എച്ച്.വെങ്കിടേഷും എഡിജിപി എസ്.ശ്രീജിത്തും ഉണ്ടായിരുന്നു. ഇവരും പരാതി പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
ടൊവിനോ തോമസ് നായകനായ ‘നരിവേട്ട’ എന്ന ചിത്രത്തിനെതിരേയാണ് ഇയാൾ പരാതി ഉന്നയിച്ചത്. ‘നരിവേട്ട’യിൽ തന്റെ പേര് ദുരുപയോഗംചെയ്‌തെന്നാണ് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ ബഷീർ ഇ.പിയുടെ ആരോപണം.
ഡിജിപിയുടെ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ എന്ന വ്യാജേനയാണ് ബഷീർ ഹാളിലെത്തിയത്. എന്നാൽ മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെ പേര് ഉപയോഗിച്ചു എന്നാണ് ബഷീറിന്റെ പരാതി.
‘നരിവേട്ട’യിൽ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ബഷീർ എന്ന കഥാപാത്രത്തെ ലക്ഷ്യമിട്ടാണ് മുൻ പോലീസ് ഉദ്യോഗസ്ഥൻ ബഷീറിന്റെ ആരോപണം. മുത്തങ്ങ സംഭവം നടക്കുമ്പോൾ താൻ കണ്ണൂർ ഡിഐജി ഓഫീസിൽ ജോലിചെയ്യുകയായിരുന്നുവെന്ന് ബഷീർ പറഞ്ഞു.
‘മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു സിനിമയിൽ എന്റെ അറിവോ സമ്മതമോ ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥന്മാർ എന്റെ പേര് ഉപയോഗിച്ചു.
ചിത്രത്തിൽ ബഷീർ എന്ന ഒരു കഥാപാത്രമുണ്ട്. ആ സമയത്ത് കണ്ണൂർ ഡിഐജി ഓഫീസിൽ ജോലിചെയ്ത ബഷീർ എന്ന ഉദ്യോഗസ്ഥനാണ് ഞാൻ. എന്റെ പേര് അറിവോ സമ്മതമോ ഇല്ലാതെ സിനിമാക്കാർ തരുന്ന കാശിന് വേണ്ടി ദുരുപയോഗം ചെയ്തു.
പോലീസിൽ കുറച്ചുകാലം പണിയെടുത്ത് സിനിമയുടെ മായിക ലോകത്ത് പോയ പോലീസുകാരാണ് ഇതിന്റെ തിരക്കഥ ഉണ്ടാക്കിയത്’, ബഷീർ പറയുന്നത് ഇങ്ങനെയാണ്.
ബഷീർ വി.പി.എന്നാണ് പേരെന്നും കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ വെളിപ്പെടുത്തി. പൊലീസ് ഐഡി ഉപയോഗിച്ചാണ് ഇയാൾ അകത്തു കയറിയത് എന്നും വ്യക്തമായിട്ടുണ്ട്. ഇപ്പോൾ ഗൾഫിലുള്ള ഓൺലൈൻ മാധ്യമത്തിലെ മാധ്യമ പ്രവർത്തകനാണ്.
കണ്ണൂർ ഡിഐജി ഓഫിസിലാണ് ഇയാൾ നേരത്തെ എസ്‌ഐയായി ജോലി ചെയ്തിരുന്നത്. 2023ൽ വിരമിച്ചെന്നും ഇയാൾ പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളത്തിനിടെയുണ്ടായ പ്രതിഷേധത്തിലെ സുരക്ഷാ വീഴ്ചയിൽ അന്വേഷണം നടക്കും.
മുൻ പൊലീസ് ഉദ്യോഗസ്ഥൻ അകത്ത് കയറിയത് പെൻഷൻ കാർഡ് ഉപയോഗിച്ചാണ്. ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ അകത്തേക്ക് കയറിയത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചു.
എന്നാൽ റവാഡ ഇന്ന് രാവിലെ പോലീസ് ആസ്ഥാനത്ത് ചുമതല ഏൽക്കുമെന്ന് അറിയിപ്പ് വന്നത് തന്നെ ഇന്നലെ രാത്രിയാണ്. കണ്ണൂരുകാരനായ ഇയാൾ ഇതെല്ലാം മനസ്സിലാക്കി ഇങ്ങനെ ഇന്ന് ഏഴുമണിക്ക് മുമ്പ് പോലീസ് ആസ്ഥാനത്ത് എത്തിയെന്നത് ഏറെ പ്രധാനപ്പെട്ട ചോദ്യമാണ്.
ഒരു സുരക്ഷയും പോലീസ് ആസ്ഥാനാത്തില്ലെന്നും ഒരു ഐഡികാർഡുണ്ടെങ്കിൽ ആർക്കുംകടന്നുപോകാമെന്നതിനുള്ള തെളിവാണ് ഇത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിലെ സ്‌പെഷ്യൽ ഡയറക്ടറായിരുന്ന റവാഡ ചന്ദ്രശേഖറിനും ഈ സംഭവം ഞെട്ടലായിട്ടുണ്ട്.
ഏതോ കോണിൽ നിന്നും റവാഡയുടെ സ്ഥാനമേൽക്കൽ അലങ്കോലപ്പെടുത്താനുള്ള ശ്രമം നടന്നുവെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇത്തരം ഗൂഡാലോചനകളും പോലീസ് അന്വേഷിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. എഐജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല.
വാർത്താ സമ്മേളനം നടക്കുന്നതിനിടെ, മാധ്യമപ്രവർത്തകനല്ലാത്ത ഒരാൾ പൊലീസ് മേധാവിയുടെ അടുത്തേക്ക് കടലാസുകളുമായി ചെന്ന് പരാതി ഉന്നയിക്കുകയായിരുന്നു. പരാതി പരിശോധിക്കാമെന്ന് പൊലീസ് മേധാവി ഉറപ്പു കൊടുത്തു. ”മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു.
മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖർ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ സ്ഥലത്ത് നിന്ന് മാറ്റി.
വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിന്റെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും ഇയാൾ കൂടുതൽ സംസാരിക്കാൻ തയ്യാറായില്ല. പരാതി പരിശോധിക്കാമെന്നാണ് വാർത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖർ ഇദ്ദേഹത്തിന് മറുപടി നൽകിയത്.
പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥർ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരൻ വാർത്താസമ്മേളനം നടന്ന ഹാളിലേക്ക് രംഗപ്രവേശം ചെയ്യുന്നത് തന്നെ.
ENGLISH SUMMARY:
How did Basheer know about the Police Chief’s press conference scheduled for today? Is the former Sub-Inspector’s “NARIVETTA” story true? An investigation will be conducted into the security lapse.