ആശുപത്രിയിൽ കിഴി പിടിക്കുമ്പോൾ വീട്ടമ്മയുടെ ദേഹത്ത് പൊള്ളലേറ്റു
ഇടുക്കി പാറേമാവ് ജില്ലാ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കിഴി പിടിച്ചതിനെ തുടർന്ന് വീട്ടമ്മയുടെ ശരീരത്തിൽ പൊള്ളലേറ്റു. കഞ്ഞിക്കുഴി സ്വദേശിനിയായ ടി.കെ പ്രീതക്കാണ് പൊള്ളലേറ്റത്.
പ്രീത പരാതി നല്കിയതിനെ തുടർന്ന് ആയുർവേദാശുപത്രിയിലെ നാല് ജീവനക്കാർക്കെതിരെ നടപടിയെടുത്തു. മൂന്ന് തെറാപ്പിസ്റ്റ് , ഒരു നഴ്സ് എന്നിവർക്കെതിരെയാണ് ഡിഎംഒ നടപടിയെടുത്തത്.
ഇതിൽ പ്രീതയെ ചികിത്സിച്ച രണ്ട് താല്കാലിക തെറ്റാപ്പിസ്റ്റ് മാരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു. ദേശീയ ആയുഷ് മിഷൻ ജീവനക്കാരനായ ഒരു തെറാപ്പിസ്റ്റിനെതിരെ ജില്ലാ പ്രോഗ്രാം മാനേജർക്ക് റിപ്പോർട്ട് നല്കി.
സ്ഥിരം ജീവനക്കാരിയായ നഴ്സിന് താക്കീത് നലകി. ജീവനക്കാരില്ലാത്തതിനാൽ ഇപ്പോൾ പാറേമാവ് ജില്ലാ ആയുർവേദാശുപത്രിയിൽ സ്ത്രീകൾക്ക് കിടത്തി ചികിത്സ നിർത്തി.









