അമേരിക്കൻ ഗ്രാൻഡ്മാസ്റ്ററുടെ വിജയാഘോഷം വിവാദത്തിൽ
ടെക്സസ്: ചെസ് എന്നും ശാന്തതയും ധ്യാനാത്മകതയും പ്രതിനിധാനം ചെയ്തിട്ടുള്ള കായിക വിനോദമാണ്.
എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ ഗെയിമിന്റെ വേദിയിൽ വികാരങ്ങളും നാടകീയതകളും നിറഞ്ഞതായാണ് കാണുന്നത്.
ഒരുകാലത്ത് വെറും മനസ്സിനുള്ള പോരാട്ടമെന്നു മാത്രം കണ്ടിരുന്ന ചെസ് ഇന്ന് പ്രേക്ഷക ആവേശവും എന്റർടെയ്ൻമെന്റും നിറഞ്ഞ വേദിയായി മാറുകയാണ്.
2025 ജൂണിൽ നോർവേ ചെസ് ടൂർണമെന്റിൽ ലോകചാംപ്യൻ മാഗ്നസ് കാൾസൻ രോഷം പ്രകടിപ്പിച്ച് മേശ അടിച്ച് വേദി വിട്ട സംഭവം ലോക ചെസ് സമൂഹത്തെ നടുക്കിയിരുന്നു.
ആ സംഭവത്തിന് ശേഷം ഇത്തരം വികാരാധിഷ്ഠിത പ്രകടനങ്ങൾ ചെസ് ബോർഡിൽ ആവർത്തിക്കപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല.
എന്നാൽ ഇപ്പോൾ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയുടെ പ്രവൃത്തിയാണ് അന്താരാഷ്ട്ര തലത്തിൽ വൻ വിവാദമാകുന്നത്.
‘ചെക്ക്മേറ്റ്: ഇന്ത്യ vs യുഎസ്എ’ എന്ന പ്രദർശന ചെസ് മത്സരത്തിലാണ് സംഭവം നടന്നത്.
ഞായറാഴ്ച അമേരിക്കയിലെ ടെക്സസിൽ നടന്ന ഈ മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷിനെ തോൽപ്പിച്ച നകാമുറ, ആഹ്ലാദത്തിന്റെ ഭാഗമായി ഗുകേഷിന്റെ രാജാവിനെ (കിംഗ് പീസ്) കാണികൾക്കിടയിലേക്ക് എറിഞ്ഞുകൊടുത്തു.
ചെസ് ബോർഡിലെ പ്രധാന കരുവായ രാജാവിനെ എറിഞ്ഞുകൊണ്ടുള്ള ഈ പ്രകടനം, ഉടൻ തന്നെ സോഷ്യൽ മീഡിയയിലുടനീളം വൈറലായി.
ദൃശ്യങ്ങളിൽ ഗുകേഷ് അമ്പരന്ന് നോക്കുന്നുണ്ടെന്നും, പിന്നാലെ ശാന്തമായി എല്ലാ കരുക്കളും പഴയപോലെ വച്ച് വേദി വിട്ടതായും കാണാം. എന്നാൽ നകാമുറയുടെ ഈ ‘വലിച്ചെറിയൽ’ ചെസ് സമൂഹത്തിൽ കടുത്ത വിമർശനത്തിനാണ് വഴിവെച്ചത്.
ചെസ് എന്നത് വിനീതതയുടെയും ബുദ്ധിയുടെയും കായിക വിനോദമാണ്, അതിന്റെ പ്രതീകമായ രാജാവിനെ കാണികൾക്കിടയിലേക്ക് എറിയുന്നത് മത്സരാത്മകതയുടെ പരിധി കടക്കുന്ന പ്രവൃത്തിയാണെന്ന് വിമർശകർ പറയുന്നു.
റഷ്യൻ ഗ്രാൻഡ്മാസ്റ്റർ വ്ലാഡിമിർ ക്രാംനിക് ഉൾപ്പെടെയുള്ള നിരവധി മുൻ താരങ്ങൾ നകാമുറയുടെ നടപടിയെ തുറന്ന വിമർശിച്ചു.
“ലോക ചെസ് ചാംപ്യനായ ഗുകേഷിനെതിരെ അങ്ങനെ പെരുമാറുന്നത് അപമാനകരമാണ്,” എന്നായിരുന്നു ക്രാംനിക്കിന്റെ പ്രതികരണം. “ഇത് ചെസിന്റെ ആത്മാവിനോടുള്ള അവഹേളനമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ മറ്റൊരു വശത്തും അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. പ്രശസ്ത ചെസ് എക്സ്പെർട്ടും യൂട്യൂബർ കൂടിയായ ലെവി റോസ്മെൻ അഭിപ്രായപ്പെട്ടു, ഈ പ്രകടനം നകാമുറയുടെ സ്വതന്ത്ര തീരുമാനമല്ല, മറിച്ച് മത്സര സംഘാടകർ തന്നെ ആസൂത്രണം ചെയ്തതാണെന്ന്.
“ദൃശ്യങ്ങൾ നോക്കുമ്പോൾ തന്നെ നകാമുറയെ അങ്ങനെ ചെയ്യാൻ സംഘാടകർ പ്രോത്സാഹിപ്പിച്ചുവെന്നു തോന്നുന്നു. അവിടെ യാതൊരു പ്രകോപനവുമില്ലായിരുന്നു,” എന്നും റോസ്മെൻ പറഞ്ഞു.
റോസ്മെൻ മുന്നോട്ടുവെച്ച മറ്റൊരു ചോദ്യവും ശ്രദ്ധേയമാണ്: “ഗുകേഷാണ് ജയിച്ചതെങ്കിൽ അവൻ ഇങ്ങനെ ചെയ്തേനെങ്കിൽ അത് എങ്ങനെ കാണപ്പെട്ടേനെ?” എന്നത്. അതായത്, വിജയാഘോഷത്തിന്‍റെ ഭാഗമാക്കി ഈ രംഗം ഉൾപ്പെടുത്തിയതാണെന്ന വാദമാണ് അദ്ദേഹത്തിൻറെത്.
മത്സരശേഷം ഗുകേഷിനെയും നകാമുറയെയും കാണിക്കുന്ന ദൃശ്യങ്ങളിൽ ഇരുവരും പരസ്പരം സംസാരിക്കുന്നതും സൗഹൃദപരമായ പെരുമാറ്റമാണ് കാണുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
“അപമാനിക്കണമെന്ന ഉദ്ദേശമൊന്നുമില്ലായിരുന്നു,” എന്നാണ് നകാമുറ പിന്നീട് പറഞ്ഞതെന്നു റോസ്മെൻ വെളിപ്പെടുത്തി.
തന്റെ യൂട്യൂബ് ചാനലിലൂടെ നകാമുറ പിന്നീട് പ്രതികരിച്ചു. “ഇത് എന്റെ കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ്. ആ സന്തോഷം പ്രകടിപ്പിച്ചതാണ്,” എന്നും അദ്ദേഹം വ്യക്തമാക്കി.
എന്തായാലും, നകാമുറയുടെ ഈ ‘ചെക്ക്മേറ്റ്’ പ്രകടനം ചെസ് ലോകത്ത് ഒരു പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ശാന്തതയും ബുദ്ധിപരതയും നിറഞ്ഞ ഈ ഗെയിമിൽ ഇനി വികാരങ്ങളെയും നാടകീയതകളെയും പ്രേക്ഷകർ കൂടുതൽ കാണാൻ പോകുന്നുവോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ചെസ് ഇനി വെറും ബോർഡിലെ പോരാട്ടമല്ല, അത് എന്റർടെയ്ൻമെന്റിന്റെ ഭാഗമായിത്തീരുമോ എന്നത് അടുത്ത മത്സരങ്ങൾ വ്യക്തമാക്കും.
English Summary :
Hikaru Nakamura, D Gukesh, Chess, Controversy, Magnus Carlsen, Norway Chess, Texas, Exhibition match, Sports news









