പകൽ രാജ്യത്തെ ഏറ്റവും കൂടിയ ചൂട്; അപൂർവ്വ പ്രതിഭാസത്തിനു സാക്ഷിയായി കോട്ടയം
കോട്ടയം ∙ പുലർച്ചെയും രാത്രിയും കൊടുംതണുപ്പും പകലാകുമ്പോൾ അസഹ്യമായ ചൂടും അനുഭവപ്പെടുന്ന അത്യപൂർവ കാലാവസ്ഥാ പ്രതിഭാസമാണ് കഴിഞ്ഞ ദിവസങ്ങളായി കോട്ടയം ജില്ലയിൽ രേഖപ്പെടുത്തുന്നത്.
തുടർച്ചയായ ആറുദിവസം രാജ്യത്ത് ഏറ്റവും ഉയർന്ന പകൽച്ചൂട് രേഖപ്പെടുത്തിയ ജില്ലയായ കോട്ടയം, ഇന്നലെ ആ സ്ഥാനം പുനലൂരിന് കൈമാറി.
പുനലൂരിൽ 35.2 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോൾ, കോട്ടയത്തെ വടവാതൂരിലെ ഓട്ടമാറ്റിക് വേതർ സ്റ്റേഷനിൽ ഉച്ചയ്ക്ക് 34.5 ഡിഗ്രി സെൽഷ്യസായിരുന്നു പരമാവധി താപനില.
സമീപ പ്രദേശങ്ങളിലുമെല്ലാം പകൽ സമയങ്ങളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്.
പകൽ രാജ്യത്തെ ഏറ്റവും കൂടിയ ചൂട്; അപൂർവ്വ പ്രതിഭാസത്തിനു സാക്ഷിയായി കോട്ടയം
പുലർച്ചെ 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനില, സൂര്യോദയത്തിന് പിന്നാലെ വേഗത്തിൽ ഉയരാൻ തുടങ്ങുന്നു.
ഏഴു മുതൽ എട്ടു മണിക്കൂറുകൾക്കുള്ളിൽ തന്നെ 15 ഡിഗ്രിയിലധികം വർധിച്ച് താപനില 35 ഡിഗ്രിയിലേക്കെത്തുന്നത് ജില്ലയെ ചുട്ടുപൊള്ളിക്കുന്ന അവസ്ഥ സൃഷ്ടിക്കുന്നു.
രാത്രിയാകുന്നതോടെ ഇതേ താപനില കുത്തനെ താഴുകയും ചെയ്യുന്നു. ഡിസംബർ 20ന് പുലർച്ചെയുണ്ടായിരുന്ന തണുപ്പിനേക്കാൾ 17.8 ഡിഗ്രി സെൽഷ്യസ് അധികം ചൂടാണ് പകൽസമയത്ത് രേഖപ്പെടുത്തിയത്.
ഡിസംബർ പകുതിയോടെയാണ് ഇത്തരത്തിലുള്ള താപനില വ്യതിയാനം വ്യക്തമായി തുടങ്ങിയത്. ഇതിന്റെ ഫലമായി ജില്ലയിൽ പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ വ്യാപകമായിട്ടുണ്ട്.
കാലാവസ്ഥാ വിദഗ്ധനായ രാജീവൻ എരിക്കുളം പറയുന്നതനുസരിച്ച്, താപനിലയിലെ ഇത്തരമൊരു കയറ്റിറക്കത്തിന് പ്രത്യേകമായ പ്രകൃതി പ്രതിഭാസങ്ങളൊന്നും നേരിട്ട് കാരണമാകുന്നില്ല.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് ഇതിന് പിന്നിലെന്നാണ് വിലയിരുത്തൽ. പശ്ചിമഘട്ട മലനിരകളോട് ചേർന്ന പ്രദേശമായതിനാൽ ചൂടുവായു ജില്ലയിൽ തങ്ങിനിൽക്കുന്നതാണ് പ്രധാന കാരണം.
കൂടാതെ, വരണ്ട കിഴക്കൻ കാറ്റ്, കായൽ–വയൽ–ചതുപ്പ് പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം, മേഘരഹിതമായ ആകാശം, പകൽ സമയങ്ങളിൽ കടൽക്കാറ്റിന്റെ ഗുണം കാര്യമായി ലഭിക്കാത്തത് എന്നിവ ചേർന്നാണ് ഈ അസാധാരണ ചൂട് വർധിക്കുന്നത്.
ഡിസംബർ 24 മുതൽ 29 വരെ പരമാവധി താപനില 35 ഡിഗ്രിക്ക് മുകളിലായിരുന്നു. കുറഞ്ഞ താപനിലയും ഉയർന്ന താപനിലയും തമ്മിലുള്ള വ്യത്യാസം 11 മുതൽ 15.5 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതും ശ്രദ്ധേയമാണ്.
ഈ കാലാവസ്ഥാ വ്യതിയാനം തുടർന്നാൽ ആരോഗ്യ പ്രശ്നങ്ങൾ വർധിക്കാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.









