തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈസ്കൂൾ പരീക്ഷയിൽ പുസ്തകം നോക്കി ഉത്തരമെഴുതുന്ന രീതി (ഓപ്പൺ ബുക്ക് പരീക്ഷ) പരീക്ഷിക്കാമെന്ന് നിർദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാർഗരേഖയിൽ ആണ് നിർദ്ദേശമുള്ളത്.
കുട്ടിയ്ക്ക് ആത്മവിശ്വാസം നൽകുന്ന രീതിയിലുള്ള എക്സാം(ഓൺ ഡിമാൻഡ് എക്സാം), അതായത് വീട്ടിൽ വെച്ചെഴുതുന്ന പരീക്ഷ (ടേക്ക് ഹോം എക്സാം), ഓൺലൈൻ പരീക്ഷ എന്നീ സാധ്യതകളും ഇതിനായി പ്രയോജനപ്പെടുത്താം. എസ്.സി.ഇ.ആർ.ടി. മാർഗരേഖ പുറത്തിറക്കും.
കുട്ടികളെ ക്ലാസ് പരീക്ഷ നടത്തിയ ശേഷം ടീച്ചർ വിലയിരുത്തണം. തന്നെക്കുറിച്ചുതന്നെയുള്ള തിരിച്ചറിവ്, ആത്മനിയന്ത്രണം, സാമൂഹികബോധം, ആരോഗ്യകരമായ ബന്ധങ്ങൾക്കുള്ളശേഷി, ഉത്തരവാദിത്വപൂർണമായി തീരുമാനമെടുക്കൽ എന്നീ അഞ്ചു കഴിവുകൾ ഇത്തരത്തിൽ വിലയിരുത്തും.
പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം അടിസ്ഥാനമാക്കിയാണ് കഴിവുകൾ വിലയിരുത്തുന്നത്. അഞ്ചു ശേഷികളിൽ ഓരോന്നിനും നല്ലത്, തൃപ്തികരം, സഹായം ആവശ്യമുള്ളത് എന്നിങ്ങനെ മൂന്നുതരത്തിലാണ് മാർക്കിടുന്നത്.
ഉത്തരവാദിത്വമുള്ള തലമുറയാക്കി വിദ്യാർഥികളെ വളർത്താൻ ഈ രീതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പ്രോജക്ട്, സെമിനാർ, പഠനപ്രവർത്തനം, സംഘചർച്ച, സംവാദം, സ്ഥലസന്ദർശനം തുടങ്ങി വ്യത്യസ്തമാർഗങ്ങൾ വിലയിരുത്തലിനു പ്രയോജനപ്പെടുത്താം.